വിവാഹം കഴിക്കാൻ നിർബന്ധിച്ച് ബന്ധുക്കൾ; വീടുവിട്ടിറങ്ങി, പഠനം തുടർന്നു; 7 വർഷത്തിന് ശേഷം യുവതി വീട്ടിലെത്തിയത് കൊമേഷ്യൽ ടാക്‌സ് ഓഫീസറായി

ന്യൂഡൽഹി: പഠനത്തിൽ മിടുക്കരാണെങ്കിലും പലപ്പോഴും പെൺകുട്ടികൾക്ക് കേൾക്കേണ്ടി വരുന്ന സ്ഥിരം പല്ലവിയാണ് പഠിത്തം നിർത്തി വിവാഹിതരാകൂ, കുടുംബിനിയാകൂ എന്നത്. പലപ്പോഴും പലർക്കും പഠനത്തിൽ മുന്നേറണമെങ്കിൽ വലിയ പോരാട്ടം തന്നെ നടത്തേണ്ടി വരും. ഇത്തരത്തിൽ വലിയ എതിർപ്പുകളെ മറികടന്ന് വിജയ തീരത്തെത്തിയ അനുഭവ കഥ പറയുകയാണ് സഞ്ജു റാണി വെർമ എന്ന യുവതി. മീററ്റ് സ്വദേശിനിയായ സഞ്ജു ഇന്ന് കൊമേഷ്യൽ ടാക്‌സ് ഓഫീസറാണ്.

തന്റെ കരിയറിനായി സഞ്ജുവിന് ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു എന്നതാണ് സത്യം. ഏഴുവർഷം ഒറ്റപ്പെടലും കുറ്റപ്പെടുത്തലുകളും അനുഭവിച്ചെങ്കിലും ഇന്ന് സഞ്ജു എല്ലാവർക്കും മാതൃകയാണ്.

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തരബിരുദ പഠനകാലത്ത് സഞ്ജുവിന്റെ അമ്മയെ നഷ്ടമായതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. അമ്മയില്ലാത്ത പെൺകുട്ടിയെ എത്രയും പെട്ടെന്ന് ‘സുരക്ഷിത കരങ്ങളിൽ’ ഏൽപ്പിക്കാൻ ബന്ധുക്കൾ തിടുക്കം കൂട്ടി. വീട്ടുകാർ അവളെ വിവാഹത്തിന് നിർബന്ധിച്ചു തുടങ്ങിയതോടെ തന്റെ വിദ്യാഭ്യാസത്തിനും കരിയറിനും ആരും പ്രാധാന്യം നൽകുന്നില്ലെന്ന് സഞ്ജു മനസിലാക്കി. കുടുംബത്തെ മനസിലാക്കാൻ ശ്രമിച്ചെങ്കിലും ആർക്കും സഞ്ജുവിന്റെ വാക്കുകൾ കേൾക്കാനുള്ള ക്ഷമയില്ലായിരുന്നു.

സഞ്ജുവിന് പഠനം തുടരാൻ പണം നൽകാതെ പഠിത്തം മുടക്കാനായി പിന്നീട് ബന്ധുക്കളുടെ ശ്രമം. എന്നാൽ സഞ്ജു ഇതിനെ മറികടക്കാൻ വഴി കണ്ടെത്തി. വീടുവിട്ട് ഇറങ്ങുക മാത്രമായിരുന്നു സഞ്ജുവിന്റെ മുന്നിലെ ഏക വഴി. സ്വന്തമായി ഒരു സ്ഥലം വാടകയ്‌ക്കെടുത്ത് മാറി. ചെലവിനായി പണം കണ്ടെത്താൻ കുട്ടികൾക്ക് ട്യൂഷനെടുത്തു തുടങ്ങി. ഇതിനൊപ്പം ചില പ്രൈവറ്റ് സ്ഥാപനങ്ങളിൽ പാർട്ട്‌ടൈമായി പഠിപ്പിക്കുന്ന ജോലിയും സഞ്ജു ചെയ്തു. പഠനവും തുടർന്നു. ഇതിനൊപ്പം പബ്ലിക്ക് സർവീസ് കമ്മീഷണർ പരീക്ഷയ്ക്കും സഞ്ജു പഠിച്ചു തുടങ്ങി. ഒടുവിൽ തോറ്റ് പിന്മാറാതെ ഏഴുവർഷത്തെ കഠിപ്രയത്‌നങ്ങൾക്കൊടുവിൽ സഞ്ജു ജീവിതത്തിലും, കരിയറിലും വിജയം കണ്ടെത്തി.

ഇപ്പോൾ സഞ്ജു പബ്ലിക്ക് സർവീസ് കമ്മീഷണർ പരീക്ഷ പാസായി, കൊമേഷ്യൽ ടാക്‌സ് ഓഫീസറായി ജോലിയും നേടിയിരിക്കുന്നു. ഇനി സിവിൽ സർവീസാണ് സഞ്ജുവിന്റെ ലക്ഷ്യം. ഒപ്പം തന്റെ കുടുംബത്തിനെ സഹായിക്കണമെന്നും സഞ്ജു പറയുന്നു. തന്റെ നേട്ടത്തെ കുടുംബം അംഗീകരിക്കണമെന്നാണ് സഞ്ജുവിന്റെ സ്വപ്‌നം.

Exit mobile version