ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകന്‍ ബുസ്സ കൃഷ്ണ മരിച്ചു; പൊടുന്നനെയുള്ള മരണത്തിന് കാരണമായത്, ‘ദൈവത്തിന്’ കൊവിഡ് ബാധിച്ചത്

ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകന്‍ മരിച്ചു. തെലുങ്കാന സ്വദേശി ബുസ്സ കൃഷ്ണയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ട്രംപിന് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച ശേഷം ബുസ്സ കൃഷ്ണ കടുത്ത വിഷമത്തിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

രാവിലെ എണീറ്റ് ചായ കുടിച്ച ശേഷം തളര്‍ന്നു വീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ട്രംപിന് കൊവിഡ് ബാധിച്ച ശേഷം ബുസ്സ കൃഷ്ണ ശരിയായി ഭക്ഷണം കഴിക്കാറില്ലായിരുന്നെന്നാണ് ഇദ്ദേഹത്തിന്റെ ബന്ധു പറയുന്നു.

ട്രംപിന്റെ കടുത്ത ആരാധകനായ ബുസ്സ കൃഷ്ണ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നാലു വര്‍ഷം മുമ്പ് തന്റെ സ്വപ്നത്തില്‍ ഒരിക്കല്‍ ട്രംപിനെ കണ്ടതിനു പിന്നാലെയാണ് ഇദ്ദേഹം കടുത്ത ആരാധകനായി മാറിയത്. തുടക്കത്തില്‍ വീട്ടില്‍ ട്രംപിന്റെ ഫോട്ടോകള്‍ ഒട്ടിച്ചു വെക്കുകയും ട്രംപിന്റെ മുഖമുള്ള ടീഷര്‍ട്ടുകള്‍ ധരിച്ചുമായിരുന്നു ബുസ്സ കൃഷ്ണ ആരാധന പ്രകടിപ്പിച്ചത്.

ട്രംപിനു വേണ്ടി നിരന്തരമായി പൂജകളും വഴിപാടുകളും ബുസ്സ കൃഷ്ണ നടത്താറുണ്ടായിരുന്നു. വീട്ടില്‍ ട്രംപിനായി ഒരു അമ്പലം തന്നെ ഇദ്ദേഹം പണിതിരുന്നു. അമ്പലത്തിലേക്കായി രണ്ട് ലക്ഷം രൂപ കൊടുത്ത് വാങ്ങിയ ട്രംപിന്റെ ഒരു പ്രതിമയും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഒപ്പം ഒരു ഫോട്ടോ മാലയിട്ടു വിളക്കു കൊളുത്തു വീട്ടില്‍ ആരാധിക്കുന്നുണ്ട്. ഇതിനു പുറമെ ഇദ്ദേഹം എവിടെ പോയാലും കൈയ്യില്‍ ഒരു ട്രംപിന്റെ ഫോട്ടോയും കരുതും. ഇത്രമേല്‍ ഭക്തിയില്‍ നടക്കുന്ന വ്യക്തിയാണ് ബുസ്സ കൃഷ്ണ.

ട്രംപിന് കൊവിഡ് ബാധിച്ച ശേഷം ഇദ്ദേഹം പലതവണ രോഗമുക്തി ആശംസിച്ചു കൊണ്ട് വീഡിയോകള്‍ പങ്കുവെച്ചിരുന്നു. പല വീഡിയോകളിലും ഇദ്ദേഹം സങ്കടത്താല്‍ കരയുന്നുണ്ടായിരുന്നു.

Exit mobile version