അഞ്ചുവയസുകാരി മകള്‍ സിവയ്ക്ക് ഉള്‍പ്പടെ വധഭീഷണി; ധോണിയുടെ വീടിന് ഇരട്ടി സുരക്ഷ

റാഞ്ചി: മഹേന്ദ്ര സിംഗ് ധോണിയുടെ റാഞ്ചിയിലുള്ള ഫാംഹൗസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ജാര്‍ഖണ്ഡ് പോലീസാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോണിക്കും കുടുംബത്തിനുമെതിരെ വധഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.

ടൂര്‍ണമെന്റില്‍ ധോണിയുടെയും അദ്ദേഹത്തിന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും മോശം പ്രകടനത്തിന്റെ പേരിലാണ് ഈ ഭീഷണി. അഞ്ച് വയസ്സുകാരി മകള്‍ സിവയ്ക്കും ഭീഷണി ഉയര്‍ന്നിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയത്തിന്റെ വക്കില്‍നിന്ന് തോല്‍വിയിലേക്ക് വഴുതിയതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും ധോണിക്കുമെതിരെ വിമര്‍ശനം കടുത്തത്.

ആ മത്സരത്തില്‍ ചെന്നൈ വിജയത്തിന്റെ വക്കില്‍ നില്‍ക്കെ, ബാറ്റിങ്ങില്‍ ധോണിയും കേദാര്‍ ജാദവും സ്വീകരിച്ച മെല്ലെപ്പോക്ക് നയമാണ് തോല്‍വിക്കു കാരണമായതെന്നാണ് ഉയര്‍ന്ന വിമര്‍ശനം. തൊട്ടടുത്ത മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കേദാര്‍ ജാദവിനെ പുറത്തിരുത്തിയാണ് ചെന്നൈ കളത്തിലിറങ്ങിയത്. അതേസമയം, ഈ മത്സരവും തോറ്റ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഇതോടെ വിമര്‍ശനം കടുക്കുകയായിരുന്നു.

റാഞ്ചിയില്‍ ധോണിയുടെ ഫാംഹൗസിന് പുറത്ത് സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫാം ഹൗസിന്റെ പരിസരങ്ങളില്‍ പട്രോളിങ്ങും ശക്തമാക്കി.

Exit mobile version