കേന്ദ്ര ഭക്ഷ്യമന്ത്രി റാം വിലാസ് പസ്വാൻ അന്തരിച്ചു

ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യമന്ത്രി റാം വിലാസ് പസ്വാൻ അന്തരിച്ചു. 74 വയസായിരുന്നു. ലോക് ജനശക്തി പാർട്ടി അധ്യക്ഷനായിരുന്നു റാം വിലാസ് പാസ്വാൻ. മകന്‍ ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

അ‍ഞ്ചു പതിറ്റാണ്ടിലേറെയായി സജീവ രാഷ്ട്രീയത്തിലുള്ള നേതാവായ പസ്വാൻ രാജ്യത്തെ പ്രമുഖ ദലിത് നേതാക്കളിൽ ഒരാളാണ്. രാഷ്ട്രീയത്തിൽ റാംവിലാസ് പാസ്വാന്റെ പേരിൽ ഒന്നിലധികം റെക്കോർഡുകളുണ്ട്. ബിഹാർ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ, ആറു പ്രധാനമന്ത്രിമാരുടെ കീഴിൽ മന്ത്രി. 1969ൽ ബിഹാർ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു മുതൽ അരനൂറ്റാണ്ടായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുള്ള രാജ്യത്തെ അപൂർവം ചില നേതാക്കളിലൊരാളായിരുന്നു പസ്വാൻ.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം.

Exit mobile version