കേരളത്തിൽ ബിജെപി മുഖ്യപ്രതിപക്ഷം; വരുന്ന തെരഞ്ഞെടുപ്പിൽ വൻനേട്ടമുണ്ടാകും; ന്യൂനപക്ഷങ്ങൾ ബിജെപിക്ക് ഒപ്പം: സ്ഥാനമേറ്റെടുത്ത എപി അബ്ദുള്ളക്കുട്ടി

ന്യൂഡൽഹി: കേരളത്തിൽ മുഖ്യപ്രതിപക്ഷം ബിജെപിയെന്ന് അവകാശപ്പെട്ട് ബിജെപി ദേശീയ ഉപാധ്യക്ഷൻ പദവി ഏറ്റെടുത്ത എപി അബ്ദുള്ളക്കുട്ടി. കേരളത്തിൽ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ബിജെപിക്കുണ്ടാകുമെന്നും ദേശീയ നേതൃത്വം വിലയിരുത്തിയതായി അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യയ മാർഗിലെ കേന്ദ്ര ഓഫീസിൽ വെച്ച് ചൊവ്വാഴ്ചയാണ് അബ്ദുള്ളക്കുട്ടി ചുമതല ഏറ്റെടുത്തത്. ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ അധ്യക്ഷനായിരുന്നു. എപി അബ്ദുള്ളക്കുട്ടിയടക്കം 12 പുതിയ ദേശീയ ഉപാധ്യക്ഷൻമാരാണ് ഇന്നലെ ചുമതലയേറ്റത്. രമൺ സിങ്, വസുന്ധര രാജെ സിന്ധ്യ, രാധാമോഹൻ സിങ്, ബൈജയന്ത് ജയ് പാണ്ഡെ, രഘുബർ ദാസ്, മുകുൾ റോയ്, രേഖ വർമ്മ, അന്നപൂർണ ദേവി, ഭാരതി ബെൻ ഷിയാൽ, ഡികെ അരുണ, ചുബ ആവോ എന്നിവരാണ് ചുമതലയേറ്റെടുത്ത ദേശീയ ഉപാധ്യക്ഷൻമർ.

അതേസമയം, പുതിയ ചുമലത നിർവഹിച്ച് മുന്നോട്ട് പോകാൻ തനിക്ക് എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും വേണമെന്നും ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും മറ്റ് നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തിയതിന് ശേഷം എപി അബ്ദുള്ളക്കുട്ടി അഭ്യർത്ഥിച്ചു.

കേരളത്തിലെയും ദക്ഷിണേന്ത്യയിൽ പൊതുവെയും മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ബിജെപി അനുകൂല നിലപാട് ഉണ്ടെന്നും കേരളത്തിലെ പൊരുതുന്ന ബിജെപി പ്രവർത്തകർക്കുള്ള അംഗീകാരമാണ് തന്റെ സ്ഥാനലബ്ധിയെന്നുമായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്. നേരത്തെ, സിപിഎം വിട്ടാണ് അബ്ദുള്ളക്കുട്ടി കോൺഗ്രസിൽ എത്തിയതും പിന്നീട് കഴിഞ്ഞവർഷം കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി ബിജെപിയിൽ ചേരുകയുമായിരുന്നു.

Exit mobile version