അശ്വഗന്ധ, ച്യവനപ്രാശം, നാഗരാദി കഷായം..; കോവിഡിനെ തടയാന്‍ ആയുര്‍വ്വേദവും യോഗയും; ചികിത്സാ നടപടിക്രമം പുറത്തിറക്കി ആയുഷ് മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡിനെ തടയാന്‍ ആയുര്‍വ്വേദത്തിലൂടെയും യോഗയിലൂടെയുമുള്ള ചികിത്സാ നടപടിക്രമം പുറത്തിറക്കി ആയുഷ് മന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് നടപടിക്രമം പുറത്തിറക്കിയത്. അശ്വഗന്ധ, ച്യവനപ്രാശം, നാഗരാദി കഷായം, സിതോപലാദി ചൂര്‍ണം തുടങ്ങിയവയാണ് ചികിത്സാക്രമത്തില്‍ പറഞ്ഞിരിക്കുന്ന ഔഷധങ്ങളിലും മിശ്രിതങ്ങളിലും ചിലത്.

കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ആയുര്‍വ്വേദത്തിനും യോഗയ്ക്കും കഴിയുമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ലഭിച്ച പ്രതികരണങ്ങളില്‍നിന്ന് വ്യക്തമായതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ കേന്ദ്രമന്ത്രി പറയുന്നു.

ഇന്റര്‍ ഡിസിപ്ലിനറി ആയുഷ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ അനുസരിച്ചാണ്, തൊണ്ട വേദന, തളര്‍ച്ച, ശ്വാസംമുട്ട്, പനി, തലവേദന തുടങ്ങിയ കോവിഡ് ലക്ഷണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നടപടിക്രമം തയ്യാറാക്കിയിരിക്കുന്നത്.

ചികിത്സാക്രമത്തില്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന മരുന്നുകള്‍ ആയുര്‍വ്വേദ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ കഴിക്കാവൂ. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ശ്വസന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും യോഗ ചെയ്യാന്‍ ആയുഷ് പ്രാക്ടീഷണര്‍മാര്‍ക്ക് രോഗികളോട് നിര്‌ദേശിക്കാമെന്നും നടപടിക്രമത്തില്‍ പറയുന്നു.

വ്യക്തിപരമായ വിശ്വാസങ്ങള്‍ എന്തായാലും എല്ലാവരും ആയുര്‍വ്വേദത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് നടപടിക്രമം പുറത്തിറക്കവേ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ക്ലിനിക്കല്‍ പഠനങ്ങളുടെയും ഐ.സി.എം.ആര്‍., സി.എസ്.ഐ.ആര്‍. എന്നിവയുമായി യോജിച്ചു കൊണ്ടുമാണ് നടപടിക്രമം രൂപപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

Exit mobile version