എംഎൽഎമാർക്ക് പകരം ഭാര്യമാർക്ക് സീറ്റ്; പുതിയ തന്ത്രം പയറ്റി ആർജെഡി സ്ഥാനാർത്ഥി പട്ടിക

പട്‌ന: ബിഹാറിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പുതുതന്ത്രം പയറ്റി ആർജെഡി. ബലാത്സംഗക്കേസുകളിൽ പ്രതികളായ സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നിഷേധിക്കുകയും പകരം ഇവരുടെ ഭാര്യമാർക്ക് സീറ്റ് നൽകുകയുമാണ് ആർജെഡി ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന രാജ് ബല്ലഭ് യാദവിന്റെ ഭാര്യ വിഭ ദേവി, ബലാത്സംഗക്കേസിൽ പ്രതിയായ അരുൺ യാദവിന്റെ ഭാര്യ കിരൺ ദേവി എന്നിവരാണ് ആർജെഡി ടിക്കറ്റിൽ ജനവിധി തേടുന്നത്.

വിഭ നവാഡയിൽ നിന്നും ഭോജ്പുർ ജില്ലയിലെ സന്ദേശിൽ നിന്ന് കിരണും മത്സരിക്കും. കിരണിന്റെ ഭർത്താവും എംഎൽഎയുമായ അരുൺ യാദവ് കഴിഞ്ഞ ഒരുവർഷമായി ഒളിവിലാണ്.

അതേസമയം, ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയാണ് ആർജെഡി പുറത്തിറക്കിയത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ 16 ജില്ലകളിലേക്കുളള സ്ഥാനാർത്ഥികളുടെ പട്ടികയാണ് ആർജെഡി തിങ്കളാഴ്ച പുറത്തിറക്കിയത്. മഹാഗഡ്ബന്ധൻ പങ്കാളികളായ കോൺഗ്രസും ഇടതുപാർട്ടികളുമായുളള സഖ്യം സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയതിന് ശേഷമാണ് ആർജെഡി തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

Exit mobile version