ഗതാഗത ചട്ടങ്ങള്‍ ലംഘിച്ചു; കോയമ്പത്തൂരില്‍ ലൈസന്‍സ് തെറിച്ചത് 1.01 ലക്ഷം പേര്‍ക്ക്, കണക്കുകള്‍ പുറത്ത്

ഗതാഗത ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ നഗരത്തില്‍ ലൈസന്‍സ് തെറിച്ചത് ഒരു ലക്ഷത്തിലേറെ പേര്‍ക്ക്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ സിറ്റി പോലീസ് 1,17,628 ഡ്രൈവിങ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോററ്റിയോട് ശുപാര്‍ശ ചെയ്തതായി അധികൃതര്‍ അറിയിച്ചു. 1,01,082 ലൈസന്‍സുകളാണ് താല്‍ക്കാലികമായി റദ്ദാക്കിയത്. മൂന്നുമാസത്തേയ്ക്കാണ് ലൈസന്‍സ് റദ്ദാക്കിയത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ധനയാണ് ഇത്തവണ. വാഹനാപകടങ്ങളില്‍ 2019-ല്‍ 104 പേര്‍ മരിച്ചു. ഈവര്‍ഷം ഇത് 46 ആയി കുറഞ്ഞു. അപകടങ്ങള്‍ 795-ല്‍ നിന്ന് 490 ആയി കുറഞ്ഞു. പോലീസിന്റെ വാഹനപരിശോധന വര്‍ധിച്ചതാണ് അപകടങ്ങള്‍ കുറയാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.

അമിതവേഗം, അമിതഭാരം കയറ്റല്‍, യാത്രക്കാരെ അധികമായി കയറ്റല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് ഈ നടപടികള്‍. സെപ്റ്റംബര്‍ 27 വരെയുള്ള കണക്കനുസരിച്ച് ലോക്ഡൗണ്‍ കാലത്ത് സിറ്റിപോലീസ് മൂന്നുലക്ഷം ഗതാഗത ചട്ടലംഘനക്കേസുകള്‍ എടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version