സിവിൽ സർവീസ് പ്രിലിമിനറി മാറ്റിവെയ്ക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 20 പരീക്ഷാർത്ഥികൾ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഒക്ടോബർ നാലിന് പരീക്ഷ നടക്കാനിരിക്കെ രാജ്യത്തെ കൊവിഡ് സാഹചര്യവും ചില സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് പരീക്ഷ രണ്ടോ മൂന്നോ മാസത്തേക്ക് മാറ്റിവെക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്.

പക്ഷെ, പരീക്ഷ മാറ്റിവെയ്ക്കുന്നതിലൂടെ ഈ വർഷത്തെ മറ്റ് പരീക്ഷകളുടെ സമയക്രമം തടസപ്പെടുന്നതിനാൽ സിവിൽ സർവീസ് പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന് യുപിഎസ്‌സി കൗൺസിൽ കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി ഹർജി തള്ളുകയായിരുന്നു.

എല്ലാ കൊവിഡ് മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ട് പരീക്ഷ നടത്താൻ യുപിഎസ്‌സിയോട് കോടതി നിർദേശിക്കുകയും ചെയ്തു. അതേസമയം ഈ വർഷത്തോടെ പ്രായപരിധി അവസാനിക്കുന്ന പരീക്ഷാർത്ഥികൾക്ക് കൊവിഡ് സാഹചര്യത്തിൽ പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കിൽ പ്രായപരിധിയിൽ ഇളവുനൽകണമെന്ന പരീക്ഷാർഥികളുടെ ആവശ്യത്തിൽ പരിശോധിച്ച് തീരുമാനമെടുക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു.

നേരത്തെ മേയ് 31ന് നടത്താനിരുന്ന പരീക്ഷ കൊവിഡ് വ്യാപനത്തെത്തുടർന്ന് ഒക്ടോബർ 4ലേക്ക് പുനർനിശ്ചയിക്കുകയായിരുന്നു. 10.58 ലക്ഷത്തിലേറേ പരീക്ഷാർഥികളാണ് ഇത്തവണ പരീക്ഷ എഴുതാൻ അപേക്ഷ നൽകിയിട്ടുള്ളത്.

Exit mobile version