പുരി ജഗന്നാഥ ക്ഷേത്രത്തിലെ 400ഓളം ജീവനക്കാര്‍ക്ക് കൊവിഡ് 19; ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ ആശങ്കപ്പെടുത്തി പുതിയ റിപ്പോര്‍ട്ട്

ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തിലെ 400ഓളം ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യം ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് ആശങ്കപ്പെടുത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

ക്ഷേത്രത്തിലെ പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്ന സേവകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരില്‍ ഒമ്പത് പേര്‍ മരണത്തിന് കീഴടങ്ങിയതായും പതിനാറ് പേര്‍ ഭുവനേശ്വരിലെ കൊവിഡ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതായും ശ്രീ ജഗന്നാഥ് ടെംപിള്‍ അഡ്മിനിസ്ട്രേഷന്‍(എസ്ജെടിഎ) ഭാരവാഹി അജയ് കുമാര്‍ ജന അറിയിച്ചു.

കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സേവകരില്‍ ഭൂരിഭാഗവും വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നതിനാല്‍ ക്ഷേത്രത്തിലെ ദൈനംദിന അനുഷ്ഠാനങ്ങള്‍ക്ക് പ്രയാസം നേരിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 400ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും, ഇതു വരെ ക്ഷേത്ര അനുഷ്ഠാനങ്ങള്‍ക്ക് തടസം നേരിട്ടിട്ടില്ല, താമസിയാതെ അതിന് സാധ്യയുള്ളതായി ഒഡിഷ ഹൈക്കോടതിയെ ക്ഷേത്ര ഭരണസമിതി അറിയിച്ചു. ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.

Exit mobile version