രാജിവെച്ച ബിഹാർ ഡിജിപി ഗുപ്‌തേശ്വർ പാണ്ഡെ ബിജെപിയിലേക്കില്ല; ജെഡിയുവിൽ ചേർന്നു

പട്‌ന: ഡിജിപി സ്ഥാനത്ത് നിന്നും സ്വമേധയാ വിരമിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ബിഹാർ ഡിജിപിയായിരുന്ന ഗുപ്‌തേശ്വർ പാണ്ഡെ ജനതാദൾ യുവിൽ ചേർന്നു. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറാണ് അംഗത്വം നൽകി പാർട്ടിയിലേക്ക് വരവേറ്റത്. മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു ചടങ്ങ്.

നേരത്തെ പാണ്ഡെ ബിജെപിയിൽ ചേരുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാൽ അദ്ദേഹം എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവിൽ ചേരുകയായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ക്ഷണപ്രകാരമാണ് പാർട്ടിയിൽ ചേർന്നതെന്ന് പാണ്ഡെ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘മുഖ്യമന്ത്രിയാണ് പാർട്ടിയിൽ ചേരുന്നതിനായി എന്നെ ക്ഷണിച്ചത്. പാർട്ടി എന്ത് ആവശ്യപ്പെടുന്നോ അത് ഞാൻ ചെയ്യും. രാഷ്ട്രീയം എനിക്കറിയില്ല. സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗങ്ങൾക്കായി സമയം മാറ്റിവെച്ച സാധാരണക്കാരനായ മനുഷ്യനാണ് ഞാൻ’ പാണ്ഡെ പറഞ്ഞു.

അടുത്ത മാസം നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം നടക്കാൻ പോകുന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ വാൽമീകി നഗറിൽ പാണ്ഡെയെ ജെഡിയു മത്സരിപ്പിച്ചേക്കും. ബിഹാർ സ്വദേശിയായ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ കാമുകി റിയ ചക്രബർത്തിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ പാണ്ഡെ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. കേസിൽ മുംബൈ പോലീസ് നിയവിരുദ്ധമായാണ് പെരുമാറിയതെന്ന് പാണ്ഡെ പ്രതികരിച്ചിരുന്നു. മഹാരാഷ്ട്രയിലെ സഖ്യസർക്കാറിനെ അപകീർത്തിപ്പെടുത്താൻ ബിജെപിയുടെയും സഖ്യകക്ഷിയുടെയും നിർദേശങ്ങൾക്കനുസരിച്ചാണ് പാണ്ഡെ പെരുമാറുന്നതെന്ന് അന്ന് ആരോപണവുമുയർന്നിരുന്നു. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പാണ്ഡെ രാജിക്കൊരുങ്ങിയിരുന്നെങ്കിലും സീറ്റ് കിട്ടില്ലെന്ന് കണ്ടതോടെ രാജി അപേക്ഷ പിൻവലിച്ചിരുന്നു.

അതേസമയം, 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ പാണ്ഡെയെ നിയമസഭ തെരഞ്ഞെടുപ്പിൽ ജന്മനാട്ടിലെ ബക്‌സർ മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കുമെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഒക്‌ടോബർ 23, നവംബർ മൂന്ന്, നവംബർ ഏഴ് തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. നവംബർ ഏഴിന് വേട്ടെണ്ണും. പാണ്ഡെയുടെ രാഷ്ട്രീയ ആഭിമുഖ്യ സൂചനകൾ സുശാന്ത് സിങ് രാജ്പുത്തിന്റെ കേസിൽ പ്രകടമായിരുന്നു.

Exit mobile version