പതിവ് പോലെ പട്ടാളക്കാരുടെ ത്യാഗത്തെയും കർഷകരുടെ പുണ്യപ്രവർത്തിയേയും വാഴ്ത്തി പ്രധാനമന്ത്രിയുടെ മൻ കി ബാത്; കർഷക സമരത്തെ കുറിച്ച് മൗനം; നിരാശ

PM MODI_| India News

ന്യൂഡൽഹി: രാജ്യത്തെ കർഷകർ കാർഷിക ബില്ലിനെ ചൊല്ലി ആശങ്കയിൽ കഴിയുമ്പോൾ പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടി മൻ കി ബാതിൽ വിഷയത്തിൽ മൗനം പാലിച്ച് നരേന്ദ്ര മോഡി. കർഷകരെ വാനോളം വാഴ്ത്തിയ പ്രധാനമന്ത്രി കർഷക സമരത്തെ കുറിച്ച് പരാമർശിക്കുകയോ അവരുടെ ആശങ്കയെ പരാമർശിക്കുകയോ ചെയ്യാത്തത് വലിയ നിരാശയായി.

കർഷകർ കൊവിഡ് കാലത്ത് വലിയ പ്രതിസന്ധികളെ നേരിട്ടിട്ടും പിന്മാറാൻ തയ്യാറായില്ലെന്ന് മോഡി പറഞ്ഞു. സ്വയംപര്യാപ്ത ഭാരതം സൃഷ്ടിക്കുന്നതിൽ അവർ നിർണായക പങ്കാണ് വഹിക്കുന്നത്. കൊറോണ പ്രതിസന്ധി കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ഈ സമയത്ത് നിരവധി പ്രശ്‌നങ്ങളെ നേരിട്ടു. ഇക്കാലത്ത് രാജ്യത്തെ കർഷകർ നിരവധി പ്രതിസന്ധികളാണ് നേരിട്ടത്. എന്നാൽ കർഷകർ ഒരിക്കലും പിന്മാറാൻ തയ്യാറായില്ല.

പ്രതിവർഷം 10 മുതൽ 12 ലക്ഷം വരെയാണ് അവർ പച്ചക്കറി കൃഷിചെയ്ത് സമ്പാദിച്ചിരുന്നത്. ആവശ്യമുള്ളവർക്ക് തങ്ങളുടെ വിളകൾ വിൽക്കാൻ ഇപ്പോഴവർക്ക് സാധിക്കും. മുമ്പ് അവയൊക്കെ മാർക്കറ്റ് കമ്മിറ്റികൾ വഴി മാത്രമേ വിൽക്കാൻ സാധിക്കുമായിരുന്നുള്ളു. കൃഷിയിൽ കൂടുതൽ ലാഭമുണ്ടാകണമെങ്കിൽ കൂടുതൽ സാങ്കേതിക വിദ്യകൾ ആവശ്യമാണ്. സാങ്കേതിക വിദ്യ എത്രത്തോളം മാറ്റം കൊണ്ടുവന്നുവെന്ന് കർഷകർ അയച്ച കത്തുകളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം കാർഷിക ബില്ലിനെ പേരെടുത്ത് പറയാതെ പരാമർശിച്ചു.

രാജ്യത്തെ ഏറ്റവും സാധാരാണക്കാരായ ആളുകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സർക്കാരിന്റെ പ്രവർത്തനം. നാലുവർഷം മുമ്പ് ഇതേ സമയത്ത് ലോകം സർജിക്കൽ സ്‌ട്രൈക്കിലൂടെ നമ്മുടെ സൈന്യത്തിന്റെ ധീരതയും സാഹസികതയും ദർശിച്ചു. എന്തുവിലകൊടുത്തും രാജ്യത്തിന്റെ അഭിമാനവും മഹത്വവും സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് നമ്മുടെ സൈന്യത്തിനുള്ളതെന്നും അദ്ദേഹം പട്ടാളക്കാരെ വാഴ്ത്തികൊണ്ട് പറഞ്ഞു.

കൊവിഡ് വ്യാപനം തടയുന്നതിനായി എല്ലാവരും മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. സമൂഹ്യാകലം, മാസ്‌ക് ധരിക്കൽ, ആൾകൂട്ടം ഒഴിവാക്കൽ, ശുചിത്വം എന്നിവ പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

Exit mobile version