കാര്‍ഷിക ബില്ലുകള്‍ക്കെതിരായ കര്‍ഷക സമരം ശക്തമാകുന്നു; കര്‍ണാടകയിലും തമിഴ്‌നാട്ടിലും ദേശീയപാത ഉപരോധിച്ചു, പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം തുടരുന്നു

ചെന്നൈ: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ കര്‍ഷക സമരം ശക്തമാകുന്നു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും കര്‍ഷകര്‍ ദേശീയപാത ഉപരോധിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സമരം ശക്തമായിരിക്കുകയാണ്. പഞ്ചാബിലെ കര്‍ഷകര്‍ അമൃത്സര്‍-ഡല്‍ഹി ദേശീയപാത ഉപരോധിച്ചിരിക്കുകയാണ്. ഇതിനു പുറമെ പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരവും തുടരുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് ഹരിയാനയില്‍ 15 ട്രെയിനുകളുടെ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം ബീഹാറില്‍ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ആര്‍ജെഡിയും രംഗത്തെത്തി. കാര്‍ഷിക ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്നാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞത്. ട്രാക്ടറിലെത്തിയാണ് അദ്ദേഹം പ്രതിഷേധക്കാര്‍ക്ക് പിന്തുണ അറിയിച്ചത്.

അതേസമയം രാജ്യത്ത് കര്‍ഷക സമരം ശക്തമായതോടെ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളിലും വന്‍ പോലീസ് സന്നാഹത്തെ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. റെയില്‍വേ ട്രാക്കുകളില്‍ കുത്തിരുന്ന് ഇന്നലെ മുതല്‍ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. 28ന് രാജ്ഭവനിലേക്ക് കര്‍ഷക മാര്‍ച്ചുകള്‍ നടത്തി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് അയക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

Exit mobile version