‘അങ്ങ് എത്രയും വേഗം സുഖം പ്രാപിക്കാന്‍ വളരെയധികം ആഗ്രഹിക്കുന്നു’; എസ്പിബിയ്ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ സല്‍മാന്‍ ഖാന്‍

മുംബൈ: ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന ഗായകന്‍ എസ്പിബിയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ സല്‍മാന്‍ ഖാന്‍. അങ്ങ് എത്രയും വേഗം സുഖം പ്രാപിക്കാന്‍ വളരെയധികം ആഗ്രഹിക്കുന്നു എന്നാണ് സല്‍മാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്.

‘ബാലസുബ്രഹ്മണ്യം സര്‍, അങ്ങ് എത്രയും വേഗം സുഖം പ്രാപിക്കാന്‍ വളരെയധികം ആഗ്രഹിക്കുന്നു. നിങ്ങള്‍ എനിക്കായി പാടിയ ഓരോ ഗാനത്തിനും നന്ദി, പ്രത്യേകിച്ച് ദില്‍ ദിവാന ഹീറോ പ്രേം എന്ന ഗാനത്തിന്. ലവ് യൂ സര്‍’ എന്നാണ് സല്‍മാന്‍ ഖാന്‍ ട്വീറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് എസ്പിബിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കാണിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നത്. എസ്പിബി കൊവിഡ് മുക്തനായെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം യന്ത്രസഹായത്തിലാണ്. പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടി അലട്ടുന്നതാണ് അദ്ദേഹത്തിന്റെ നില വഷളാക്കിയത്.

കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ആഗസ്ത് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന വാര്‍ത്തയും പുറത്തുവന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടാഞ്ഞതിനാല്‍ അദ്ദേഹം വെന്റിലേറ്ററില്‍ തന്നെയാണെന്നും അന്ന് മകന്‍ എസ്പി ചരണ്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എസ്പിബിയുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനയിലാണ് ആരാധകരും സിനിമാലോകവും.

Exit mobile version