ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ട കൊലപാതകം: യോഗിയും പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച

ബുലന്ദ്ഷഹറിലെ ആള്‍ക്കൂട്ട കലാപത്തിനു പിന്നാലെ പോലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു.

ലഖ്നൗ: ബുലന്ദ്ഷഹറിലെ ആള്‍ക്കൂട്ട കലാപത്തിനു പിന്നാലെ പോലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കലാപത്തിനെതിരെ യുപി സര്‍ക്കാരിന്റെ മൃദുസമീപനമാണ് ജനരോഷത്തിനു കാരണമായിരിക്കുന്നത്. കലാപത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി. ശേഷം, വൈകീട്ട് ഡല്‍ഹിയിലെത്തിയ ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വിഷയം ചര്‍ച്ച ചെയ്തു.

സുബോധിന്റെ ഭാര്യ, 2 ആണ്‍മക്കള്‍, സഹോദരി എന്നിവര്‍ ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണു കൂടിക്കാഴ്ച നടത്തിയത്. നീതി ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ഇന്‍സ്‌പെക്ടറുടെ മകന്‍ ശ്രേയ് പ്രതാപ് സിങ് പ്രതികരിച്ചു. ഇന്‍സ്‌പെക്ടറുടെ 2 മക്കളുടെയും പഠനം തുടരാന്‍ സര്‍ക്കാര്‍ സഹായമുണ്ടാകും. 25-30 ലക്ഷം രൂപ വരുന്ന ഭവന, വിദ്യാഭ്യാസ വായ്പകളുടെ തിരിച്ചടവും സര്‍ക്കാര്‍ ഏറ്റെടുത്തു.

പോലീസ് ഇന്‍സ്‌പെക്ടറും ഇരുപതുവയസുകാരനും കൊല്ലപ്പെടാനിടയാക്കിയ കലാപം നടന്നു 3 ദിവസം കഴിഞ്ഞിട്ടും അതേപ്പറ്റി സംസാരിക്കാത്ത മുഖ്യമന്ത്രി, സുരക്ഷാ യോഗത്തില്‍ ഗോവധത്തിനു പിന്നിലുള്ളവരെ അടിയന്തരമായി കണ്ടെത്തണമെന്ന നിലപാടു സ്വീകരിച്ചത് വിമര്‍ശനമുയര്‍ത്തി. കൊലപാതകങ്ങളില്‍ ഗൗരവമായ അന്വേഷണം നടക്കുന്നില്ലെന്നു ഇരകളുടെ കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. അതിനിടെ, കലാപക്കേസിലെ മുഖ്യപ്രത്രി ബജ്‌റങ്ദള്‍ ജില്ലാ നേതാവ് യോഗേഷ് രാജ് (27) പിടിയിലായെന്ന് അഭ്യൂഹമുണ്ട്. എല്‍എല്‍ബി വിദ്യാര്‍ഥിയായ ഇയാള്‍ താന്‍ നിരപരാധിയാണെന്നു വാദിച്ചു കഴിഞ്ഞ ദിവസം വിഡിയോ പുറത്തുവിട്ടിരുന്നു.

Exit mobile version