നാളെ ഭാരത് ബന്ദ്; കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ശക്തമാക്കി കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധമറിയിച്ച് വിവിധ കര്‍ഷക സംഘടനകള്‍ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്കിയത്.

കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ കക്ഷികളും പ്രക്ഷോഭത്തിന് തുടക്കമിട്ടു. ബില്ലുകള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്ന് ആരംഭിക്കും.

എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാനാണ് കോണ്ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ തിരിച്ചയക്കണമെന്ന് ഇന്നലെ ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള ദേശവ്യാപക സമരത്തിനും ഭാരതബന്ദിനും പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എന്‍ടിയുസി, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ല്യൂഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ ട്രെയ്ഡ് യൂണിയനുകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

Exit mobile version