കൊവിഡ് വ്യാപനം രൂക്ഷം; ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ലോക്ഡൗണ്‍ ആലോചിക്കണം, നിര്‍ദേശവുമായി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് പുതിയ നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആരോഗ്യ മനത്രിമാരുമായും നടത്തിയ വെര്‍ച്വല്‍ മീറ്റിംഗിലാണ് മോഡിയുടെ പുതിയ നിര്‍ദേശം. കൊവിഡ് രൂക്ഷമായ ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് മോഡി ചര്‍ച്ച നടത്തിയത്.

ഒന്നോ രണ്ടോ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഫലപ്രദമാവുമോ എന്ന് പരിശോധിക്കണമെന്നാണ് മോഡിയുടെ നിര്‍ദേശം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത് കൊവിഡ് വ്യാപനത്തെ ചെറുക്കുമെന്നും മോഡി അഭിപ്രായപ്പെട്ടു. പരിശോധന, ചികിത്സ, നിരീക്ഷണം എന്നിവ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ രാജ്യത്ത് 700 ലധികം ജില്ലകളുണ്ടെങ്കിലും ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകള്‍ മാത്രമാണ് ആശങ്കയുണ്ടാക്കുന്നത്. ജില്ല, ബ്ലോക്ക് തലത്തിലുള്ള ആളുകളുമായി ഏഴ് ദിവസത്തേക്ക് വിര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്താന്‍ ഞാന്‍ മുഖ്യമന്ത്രിമാരോട് നിര്‍ദ്ദേശിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version