കൊവിഡ് ബാധിച്ച് കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു; രാജ്യത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ച ആദ്യ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് കേന്ദ്രമന്ത്രി അന്തരിച്ചു. കേന്ദ്ര റെയില്‍വെ സഹമന്ത്രിയായ സുരേഷ് അംഗദിയാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗദി.

കര്‍ണാടകയിലെ പ്രമുഖ ബിജെപി നേതാക്കളില്‍ ഒരാളായ അദ്ദേഹം ബെലഗാവി എംപിയായിരുന്നു. സെപ്റ്റംബര്‍ 11-നാണ് അദ്ദേഹത്തെ കൊവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പോസിറ്റീവായ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം സെപ്റ്റംബര്‍ 11-ന് ട്വിറ്ററില്‍ കുറിച്ചു.

അല്‍പസമയം മുമ്പ് വരെ, ട്വിറ്ററില്‍ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. ഏറ്റവുമൊടുവില്‍ ഇന്ന് ലേബര്‍ കോഡ് ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസ്സാക്കപ്പെട്ടതില്‍ സന്തോഷമറിയിച്ച് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ കുറിച്ച ട്വീറ്റുകള്‍ അദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. സുരേഷ് അംഗദിയുടെ വിയോഗത്തില്‍ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

Exit mobile version