വായു മലിനീകരണം; കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ മരിച്ചത് 12.4 ലക്ഷം പേര്‍! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വായു മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിച്ച് മരിച്ചത് 12.4 ലക്ഷം പേരെന്ന് പഠന റിപ്പോര്‍ട്ട്. ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017ല്‍ ഇന്ത്യയിലുണ്ടായ ആകെ മരണങ്ങളില്‍ എട്ടില്‍ ഒന്നും വായു മലിനീകരണവുമായി ബന്ധപ്പെട്ടാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ ഏറ്റവും മലിനമായ അന്തരീക്ഷം ഉള്ളത് ഡല്‍ഹിയിലാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തര്‍പ്രദേശും ഹരിയാണയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മറ്റിടങ്ങളേക്കാള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളാണ് വായു മലിനീകരണത്തില്‍ മുന്‍പന്തിയിലുള്ളത്. പുകയില ഉപയോഗത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളേക്കാള്‍ കൂടുതലാണ് വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2017ല്‍ ഉത്തര്‍പ്രദേശില്‍ 2,60,028 പേരും, മഹാരാഷ്ട്രയില് 1,08,038ഉം ബിഹാറില്‍ 96,967ഉം പേര് മരിച്ചു. 4.8 ലക്ഷം പേര് വീടുകളിലെ മലിനീകരണത്തിലൂടെയും 6.7 ലക്ഷം പേര് പുറമേ നിന്നുള്ള മലിന വായു ശ്വസിച്ചതിലൂടെയുമാണ് മരിച്ചത്. ഇതേവര്‍ഷം ഇന്ത്യയിലെ 77 ശതമാനം ആളുകള്‍ക്കും മലിന വായു ശ്വസിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വായുമലിനീകരണത്തിന്റെ ഫലമായി 2017ല്‍ മരണപ്പെട്ടതില്‍ പകുതിയിലേറെപ്പേര്‍ക്കും 70 വയസില്‍ താഴെയാണ് പ്രായം. ലോക ജനസംഖ്യയുടെ 18 ശതമാനവും ഇന്ത്യയിലേതാണ്. അതേസമയം വായുമലിനീകരണം മൂലം ലോകത്തുണ്ടാകുണ്ടാകുന്ന 26 ശതമാനം അകാല മരണവും സംഭവിക്കുന്നത് ഇന്ത്യയിലാണ്.

വായു മലിനീകരണത്തിന്റെ തോത് അനുവദനീയമായ അളവിലേക്ക് കുറയ്ക്കാനായാല്‍ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 1.7 വര്‍ഷമെങ്കിലും കൂട്ടാനാകുമെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.

Exit mobile version