മുംബൈയില്‍ വെള്ളപ്പൊക്കം; റോഡ്, റെയില്‍ ഗതാഗതം താറുമാറായി

മുബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ റെയില്‍-റോഡ് ഗതാഗതം താറുമാറായി. ഇന്നലെ രാത്രി മുഴുവന്‍ നീണ്ടു നിന്ന കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍, ഹാര്‍ബര്‍ ലൈനുകളിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചത്.

മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുംബൈയുടെ പറിഞ്ഞാറന്‍ പ്രദേശങ്ങളില്‍ 150 -200 മില്ലിമീറ്റര്‍ മഴ ആണ് ലഭിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഗതാഗതവും വൈദ്യുതിയും മുടങ്ങുമെന്നതിനാല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും വളരെ പഴയ കെട്ടിടങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേ സമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പോലെയുള്ള മാനദണ്ഡങ്ങള്‍ക്ക് വെള്ളപ്പൊക്കം വിലങ്ങുതടിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Exit mobile version