മുപ്പത് വർഷം കൊണ്ട് ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാൻ മൂന്നുകിലോമീറ്റർ നീളത്തിൽ കനാൽ; കർഷകന് ട്രാക്ടർ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

ഗയ: ഗ്രാമത്തിലേക്ക് സമീപത്തെ മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന ജലം എത്തിക്കാനായി മുപ്പതുവർഷം കൊണ്ട് മൂന്നുകിലോമീറ്റർ നീളത്തിൽ കനാൽ തനിച്ച് വെട്ടിയുണ്ടാക്കിയ കർഷകനെ ആദരിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ബിഹാറിലെ ലോങ്കി ഭുയാനെന്ന കർഷകനാണ് ഗ്രാമത്തിലെ കന്നുകാലികൾക്കും മനുഷ്യർക്കും എല്ലാം ഉപകരിക്കും വിധത്തിൽ വെള്ളം ഉപയോഗിക്കാനായി ഒറ്റയ്ക്ക് കനാൽ വെട്ടിയത്. ഇദ്ദേഹത്തിന് ഒരു ട്രാക്ടർ സമ്മാനിച്ചുകൊണ്ടാണ് ആനന്ദ് മഹീന്ദ്ര തന്റെ സ്‌നേഹം അറിയിച്ചത്.

ലോങ്കി കനാൽ വെട്ടിയത് വലിയ വാർത്തയായിരുന്നു. ഇദ്ദേഹത്തെ ബിഹാറിലെ കനാൽ മനുഷ്യനെന്നാണ് പലരും ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. സംഭവം ശ്രദ്ധയിൽ പെട്ടതോട് 30 കൊല്ലം കൊണ്ട് ലോങ്കി തീർത്ത കനാൽ താജ്മഹലും പിരമിഡും പോലെ മഹത്തായൊരു സ്മാരകമാണെന്ന് ആനന്ദ് മഹീന്ദ്ര വിശേഷിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന് ട്രാക്ടർ നൽകി ആദരിക്കാൻ ആഗ്രഹിക്കുന്നതായും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നുു. ഈ നിർദേശം ലഭിച്ച മഹീന്ദ്ര ജീവനക്കാർ ബിഹാറിലെ മഹീന്ദ്രയുടെ ഡീലർ പങ്കാളിയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തന്നെ ലോങ്കിക്ക് ട്രാക്ടർ കൈമാറുകയായിരുന്നു.

പിന്നാലെ, ലോങ്കിക്ക് ട്രാക്ടർ കൈമാറുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ആനന്ദ് തന്റെ സന്തോഷം പ്രകടിപ്പിച്ചു. തന്റെ നിർദേശം വളരെ വേഗത്തിൽ നടപ്പാക്കിയ മഹീന്ദ്ര ഫാം എക്യുപ്‌മെന്റ് സെക്ടർ പ്രസിഡന്റ് ഹേമന്ദ് സിക്കയെയും സംഘാംഗങ്ങളേയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ഡീലർ പാർട്ണർക്കും തന്റെ നന്ദി അദ്ദേഹം അറിയിച്ചിട്ടുണ്ട്

Exit mobile version