എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാം; രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: സസ്‌പെന്‍ഷനിലുള്ള എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ എട്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത്പാര്‍ട്ടികളും സഭ ബഹിഷ്‌കരിച്ചു.’എട്ട് എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ മാത്രമേ അവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കൂ. പ്രതിപക്ഷ അംഗങ്ങളുടെ ഇത്തരം അക്രമാസക്തപരമായ പെരുമാറ്റത്തെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചുവെന്നും രവിശങ്കര് പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.രാജ്യസഭയില്‍ സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. ഭൂരിപക്ഷത്തില്‍ തന്നെയാണ് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് എട്ട് രാജ്യസഭ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എളമരം കരീം, കെ കെ രാഗേഷ്, ഡെറെക് ഒബ്രിയാന്‍. സഞ്ജയ് സിങ്, റിപുണ്‍ ബോറ, ദോല സെന്‍, സയ്യിദ് നാസിര്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചു എന്നാരോപിച്ചാണ് എംപിമാരുടെ സസ്‌പെന്‍ഷന്‍. ബിജെപി എംപിമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു നടപടി സ്വീകരിച്ചത്.

Exit mobile version