പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശം പരമമല്ല; സഞ്ചാര സ്വാതന്ത്ര്യവുമായി സമരം ഒത്തുപോകണം: സുപ്രീംകോടതി

ന്യൂഡൽഹി: പൗരന്മാർക്ക് പ്രതിഷേധിക്കാൻ ഉള്ള അവകാശം ഉണ്ടെങ്കിലും അത് പരമമായ അവകാശമല്ലെന്ന് സുപ്രീം കോടതി. പ്രതിഷേധ സമരങ്ങൾ സഞ്ചാര സ്വാതന്ത്യവുമായി ഒത്തുപോകണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡൽഹിയിലെ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്ന സമരക്കാരെ നീക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മാർച്ച് മാസം നൽകിയ ഹർജിയിലെ ആവശ്യം ഇപ്പോൾ അപ്രസക്തമാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്ത കോടതിയെ അറിയിച്ചു.

അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന സമരങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം പഞ്ചാബിലും ഹരിയാണയിലും നടന്ന കർഷക സമരങ്ങൾ ഇതിന് ഉദാഹരണം ആണെന്നും ഹർജിക്കാർ വ്യക്തമാക്കി. ഇതേതുടർന്നാണ് പ്രതിഷേധ സമരവും സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകണമെന്ന് കോടതി നിരീക്ഷിച്ചത്.

പ്രതിഷേധ സമരം നടത്തുന്നതിന് പൊതുനയം പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പാർലമെന്ററി ജനാധിപത്യത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യപ്പെടാൻ അവസരം ഉണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാൽ എപ്പോൾ എങ്ങനെ സംവാദം നടക്കണം എന്നതിലാണ് വിഷയമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഉത്തരവ് ഇറക്കുമെന്നും കോടതി അറിയിച്ചു.

Exit mobile version