ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം; തമിഴ്‌നാട്ടിലും കര്‍ണാടകയിലും വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു

ബംഗളൂരു: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ആന്ധ്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നിരിക്കുകയാണ്.

വൈറസ് വ്യാപനം രൂക്ഷമായ കര്‍ണാടകയില്‍ 8,364 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 114 മരണവും സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 7,922 ആയി ഉയര്‍ന്നു. ഇതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 5,11,346 ആയി ഉയര്‍ന്നു. 98,564 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.


തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 5,569 പുതിയ കൊവിഡ് കേസുകളാണ്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 5,36,477 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 8,751 പേരാണ് മരിച്ചത്. 46,453 പേരാണ് തമിഴ്നാട്ടില്‍ ചികിത്സയിലുള്ളത്.


അതേസമയം ആന്ധ്രാപ്രദേശിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. പുതുതായി 8,218 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,17,776 ആയി. 81,763പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. വൈറസ് ബാധമൂലം ആന്ധ്രയില്‍ ഇതുവരെ 5,302 പേരാണ് മരിച്ചത്.

Exit mobile version