‘ യോഗിയുടെ ഭരണകാലത്ത് കലാപങ്ങള്‍ തുടരുകയാണ്’ ; ബുലന്ദ്ശഹര്‍ കലാപത്തില്‍ യോഗിക്കെതിരെ ആഞ്ഞടിച്ച് ശിവസേന

മുഖ്യമന്ത്രി സ്ഥലങ്ങള്‍ക്ക് പുനര്‍നാമകരണം ചെയ്യുന്ന തിരക്കിലായതിനാല്‍ സംസ്ഥാനത്തെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനാവുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.

ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. മുഖ്യമന്ത്രി സ്ഥലങ്ങള്‍ക്ക് പുനര്‍നാമകരണം ചെയ്യുന്ന തിരക്കിലായതിനാല്‍ സംസ്ഥാനത്തെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനാവുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി. ‘യോഗിയുടെ ഭരണകാലത്ത് കലാപങ്ങള്‍ തുടരുകയാണ്.

പശുവിറച്ചിയെ ചൊല്ലിയുള്ള കലാപത്തില്‍ ഒരു പോലീസുകാരനും സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടത്. പട്ടാളക്കാര്‍ക്കും പോലീസിനും മതമില്ല. അതുപോലെ തന്നെ അധികാരത്തിലിരിക്കുന്നവരും തങ്ങളുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തിലാണ് വ്യാപൃതരാവേണ്ടത്’, പാര്‍ട്ടി മുഖപത്രമായ സാംനയുടെ മുഖപ്രസംഗത്തില്‍ ശിവസേന കുറ്റപ്പെടുത്തുന്നു.

രാമക്ഷേത്ര വിഷയം വീണ്ടും ഉന്നയിച്ചു കൊണ്ട് എന്നാണ് ക്ഷേത്രം പണിയുകയെന്നും ശിവസേന ചോദിക്കുന്നു. തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വരികയാണെങ്കില്‍ ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് നാമകരണം ചെയ്ത് ആളുകളുടെ സെന്റിമെന്റ്‌സ് വെച്ച് കളിക്കുമെന്നും ശിവസേന പരിഹസിച്ചു. തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ നൈസാം പലായനം ചെയ്ത പോലെ ഒവൈസിയും ഓടിപ്പോവേണ്ടി വരുമെന്ന് അടുത്തിടെ യോഗി നടത്തിയ പരമാര്‍ശത്തെയും ശിവസേന അപലപിച്ചു.

മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെയും നൈസാമിന്റെയുമെല്ലാം പൈതൃകം തുടച്ചു നീക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെങ്കില്‍ മഹാരാഷ്ട്രയിലെ ഔറംഗബാദും ഒസ്മാനബാദും സാംബജിനഗറെന്നും ധാരാശിവെന്നും നാമകരണം ചെയ്യുന്നതെന്നാണെന്നും ശിവസേന പരിഹാസ രൂപേണ ചോദിച്ചു.

Exit mobile version