ഉത്തര്‍പ്രദേശില്‍ ദിവസങ്ങള്‍ തോറും കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കുന്നു; യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്കെതിരെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി രംഗത്ത്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ദിവസങ്ങള്‍ തോറും കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്കെതിരെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഫിറോസാബാദില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. സീതാപൂരില്‍ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സര്‍ക്കാര്‍ എവിടെയാണ്? ബിജെപിയുടെ കീഴില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവെങ്കിലും അവയുടെ ഉത്തരവാദിത്തം പോലും അവര്‍ ഏറ്റെടുക്കുന്നില്ല’. പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

പ്രാദേശിക തലത്തില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വിവേചനം പാടില്ലെന്ന് ഇന്നലെ യോഗി പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി 218 അതിവേഗ കോടതികള്‍ രൂപീകരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും ഇന്നലെ അദ്ദേഹം പറഞ്ഞിരുന്നു.

Exit mobile version