ഹർസിമ്രത് കൗർ ബാദലിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു; കേന്ദ്രത്തിനുള്ള പിന്തുണ തുടരുമെന്ന് പാർട്ടി

ന്യൂഡൽഹി: ഫാം സെക്ടർ ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹർസിമ്രത് കൗർ ബാദൽ സമർപ്പിച്ച രാജിക്കത്ത് രാഷ്ട്രപതി താം നാഥ് കോവിന്ദ് സ്വീകരിച്ചു. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചത്. നരേന്ദ്ര സിങ് ടോമറിന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വകുപ്പിന്റെ അധിക ചുമതല നൽകും.

കാർഷിക ഉൽപന്നങ്ങളുടെ വിൽപനയ്ക്കു മേലുള്ള നിയന്ത്രണങ്ങൾ നീക്കി, കർഷകർക്കു കൂടുതൽ വിപണന സാധ്യതകൾ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെ കാർഷിക ഉൽപന്ന വ്യാപാര, വാണിജ്യ ബിൽ കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ നാടകീയ രാജി.

തുടക്കത്തിൽ ബില്ലിനെ അനുകൂലിച്ചിരുന്ന ശിരോമണി അകാലിദൾ എന്നാൽ ലോക്‌സഭയിൽ നടന്ന ചർച്ചയിൽ ബില്ലുകൾ കർഷക വിരുദ്ധമാണെന്നു പ്രസ്താവിക്കുകയായിരുന്നു. ചർച്ചയ്ക്കിടെ അകാലിദൾ പ്രസിഡന്റും ഹർസിമ്രത്തിന്റെ ഭർത്താവുമായ സുഖ്ബീർ സിങ് ബാദലാണ് മന്ത്രിസഭയിൽ നിന്നു ഹർസിമ്രത് രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ചത്. ഒപ്പം തന്നെ അദ്ദേഹം, തന്റെ പാർട്ടി കേന്ദ്രസർക്കാരിനു പുറത്തു നിന്നു പിന്തുണ നൽകുമെന്നും അറിയിച്ചു.

തൊട്ടുപിന്നാലെ താൻ രാജിവയ്ക്കുകയാണെന്നു ഹർസിമ്രത് ട്വിറ്ററിൽ കുറിച്ചു. രാജിയുടെ കാരണങ്ങൾ നിരത്തിയ കത്ത് അവർ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയക്കുകയും ചെയ്തു.

Exit mobile version