ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കുന്നു! ബിജെപി എംപി രാജി വച്ചു; ഈ ആഴ്ചയില്‍ പാര്‍ട്ടി വിടുന്നത് ആറാമത്തെ നേതാവ്

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപി സാവിത്രി ഭായ് ഫൂലെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഫൂലെയുടെ രാജി. ബഹ്‌റിച്ച് മണ്ഡലത്തില്‍ നിന്നാണ് സാവിത്രി ഭായ് ഫൂലെ പാര്‍ലമെന്റില്‍ എത്തിയത്.

ദളിത് ആക്ടിവിസ്റ്റ് കൂടിയായ ഫൂലേ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ബിജെപി ശ്രമങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു. രാമന്റെ ക്ഷേത്രം പണിതാല്‍ ദളിതരുടെ പട്ടിണിയോ മറ്റ് പ്രശ്‌നങ്ങളോ മാറുമോ എന്ന് കഴിഞ്ഞ ദിവസം ഫൂലേ ചോദിച്ചിരുന്നു.

തര്‍ക്ക ഭൂമിയായ അയോധ്യയില്‍ ഹൈക്കോടതി വിധിപ്രകാരം നടത്തിയ ഖനനത്തില്‍ കണ്ടെടുത്തത് ബുദ്ധദേവനുമായി ബന്ധപ്പെട്ട സാധനങ്ങളാണ്. ഭാരതം ബുദ്ധന്റെതായിരുന്നു. അതുകൊണ്ടുതന്നെ ബുദ്ധന്റെ പ്രതിമയാണ് അയോധ്യയില്‍ സ്ഥാപിക്കേണ്ടതെന്നും ഫൂലെ അഭിപ്രായപ്പെട്ടിരുന്നു.

ദളിത് സംവരണത്തിന് വേണ്ടി ശക്തമായി പോരാടിയ ഫൂലേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദളിത് വിരുദ്ധരാണെന്ന് പരസ്യമായി പ്രസ്താവിച്ചിരുന്നു. ബിജെപി എംപിയാകും മുമ്പ് തന്നെ ദളിത് ആക്റ്റിവിസ്റ്റും സ്ത്രീവിമോചകയുമായിരുന്നു സാവിത്രി ഭായ് ഫൂലെ.

ഈ ആഴ്ച ഇത് ആറാമത്തെ നേതാവാണ് ബിജെപിയില്‍ നിന്ന് രാജി വയ്ക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ മുസ്ലിം വിരുദ്ധതയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന അഞ്ച് ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പാര്‍ട്ടി വിട്ടത്.

Exit mobile version