കൊവിഡ് മൂലം മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കണക്കുകള്‍ കൈവശമില്ലെന്ന് കേന്ദ്രം; വൈറസ് ബാധമൂലം മരിച്ച 382 ഡോക്ടര്‍മാരുടെ പട്ടികയുമായി ഐഎംഎ

ന്യൂഡല്‍ഹി: കൊവിഡ് മൂലം മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കണക്കുകള്‍ കൈവശമില്ലെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിന്‍ കുമാര്‍ ചൗബേയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വൈറസ് ബാധ മൂലം ജീവത്യാഗം ചെയ്ത ആരോഗ്യപ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത കാണിക്കുകയാണെന്ന് ഐഎംഎ ആരോപിച്ചു.

കൊവിഡ് പോരാട്ടത്തില്‍ ഇത്രധികം ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ജീവന്‍ നഷ്ടപ്പെട്ട മറ്റൊരു രാജ്യമില്ലെന്നും ഈ കാര്യങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നില്ല എന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും ഐഎംഎ പറഞ്ഞു. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 383 ഡോക്ടര്‍മാരാണെന്നും അവരുടെ കുടുംബത്തിന് സഹായം നല്‍കണമെന്നും ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മരിച്ച ഡോക്ടര്‍മാരുടെ പട്ടിക അസോസിയേഷന്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും കണക്കുകളും അവരില്‍ എത്രപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന വിവരവും സര്‍ക്കാര്‍ സൂക്ഷിക്കുന്നില്ലെങ്കില്‍ 1897ലെ ദേശീയ ദുരന്ത നിവാരണ നിയമം നടപ്പാക്കാനുള്ള ധാര്‍മിക അധികാരം സര്‍ക്കാരില്ലെന്നും ഐഎംഎ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരെ കൊവിഡ് പോരാളികള്‍ എന്ന് വിളിച്ച സര്‍ക്കാരില്‍ നിന്നാണ് ഇത്തരം നടപടികള്‍ ഉണ്ടായിരിക്കുന്നതെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

Exit mobile version