എല്ലാം ശരിയാകുമെന്ന് പ്രതീക്ഷ; റഷ്യന്‍ വാക്‌സിന്റെ 10 കോടി ഡോസ് ഈ വര്‍ഷം ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ലോകത്താകമാനം കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ചിരിക്കുകയാണ്.കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ കോവിഡ് കവര്‍ന്നെടുത്തു. കോവിഡ് ഭീതിയില്‍ കഴിയുന്ന ലോകജനത വൈറസിനെ പിടിച്ചുകെട്ടാന്‍ വാക്‌സിനായുള്ള കാത്തിരിപ്പിലാണ്.

വാക്‌സിനായുള്ള പരീക്ഷണശാലയിലാണ് വിവിധ രാജ്യങ്ങള്‍. കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച ‘സ്പുട്‌നിക് 5’ വാക്‌സീന്റെ ഇന്ത്യയിലെ പരീക്ഷണം വിജയകരമായാല്‍, ഈ വര്‍ഷം അവസാനം തന്നെ 10 കോടി ഡോസ് ഇന്ത്യയിലെത്തിക്കും.

മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ആണ് ഇന്ത്യയില്‍ നടക്കേണ്ടത്. ഇതു നടത്തുന്നതിനും വാക്‌സീന്‍ വിതരണത്തിനുമായി ഹൈദരാബാദ് ആസ്ഥാനമായ ഡോ. റെഡ്ഡീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി റഷ്യ ധാരണയിലെത്തിയെന്നാണ് വാര്‍ത്തകള്‍.

അതേസമയം, ഓക്‌സ്ഫഡ് വാക്‌സീന്റെ ഇന്ത്യയിലെ പരീക്ഷണം പുനരാരംഭിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കി. വാക്‌സിന്‍ ഉപയോഗിച്ചയാളില്‍ അപൂര്‍വ്വ രോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരീക്ഷണം നിര്‍ത്തിവെച്ചത്.

Exit mobile version