ഓക്സ്ഫഡ് കൊവിഡ് വാക്‌സിന്‍; പരീക്ഷണം വീണ്ടും തുടങ്ങാന്‍ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ അനുമതി നല്‍കി

ന്യൂഡല്‍ഹി: ഓക്സ്ഫഡ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം രാജ്യത്ത് വീണ്ടും തുടങ്ങാന്‍ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ വിജി സൊമാനി അനുമതി നല്‍കി. പരീക്ഷണം വീണ്ടും ആരംഭിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്നും പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണ പ്രോട്ടോകോള്‍ ഹാജരാക്കാനും ഡിസിജിഐ നിര്‍ദേശിച്ചിട്ടുണ്ട്.

വാക്‌സിന്‍ കുത്തിവെച്ച യുവതിക്ക് അപൂര്‍വരോഗം ബാധിച്ചതിനെ തുടര്‍ന്ന് അസ്ട്ര സെനക കമ്പനിയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ഓക്സ്ഫഡ് വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

അതേസമയം പരീക്ഷണം ബ്രിട്ടനില്‍ കഴിഞ്ഞ ശനിയാഴ്ച വീണ്ടും തുടങ്ങിയിരുന്നു. വൊളണ്ടിയര്‍ക്ക് ബാധിച്ച രോഗം വാക്‌സിന്റെ പാര്‍ശ്വഫലമാണെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയാണ് അള്‍ട്രാ സെനകിന് അനുമതി നല്‍കിയത്. ഇതോടെയാണ് AZD1222 എന്ന വാക്‌സിന്‍ പരീക്ഷണത്തിന് വീണ്ടും തുടക്കമായത്.
ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

Exit mobile version