20 വര്‍ഷം മുന്‍പ് കാണാതായ പിതാവിനെ തിരിച്ചു കിട്ടി, അപ്രതീക്ഷിത വരവ് ഇളയമകന്റെ വിവാഹം നടക്കാന്‍ ഒരു മാസം മുന്‍പ്! ഇരട്ടി സന്തോഷത്തില്‍ കുടുംബം

അപ്പനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ നാട്ടുകാരെ മുഴുവന്‍ കല്യാണത്തിന് ക്ഷണിച്ചു സദ്യ കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബം

മണിമല: 20 വര്‍ഷം മുന്‍പ് കാണാതായ പിതാവിനെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് മഹാരാഷ്ട്രയിലെ നന്ദേഡ് ഗ്രാമത്തിലെ മിഥുന്റെ കുടുംബം. അപ്രതീക്ഷിതമായി ആശ്രയഭവനില്‍ നിന്ന് എത്തിയ ഫോണ്‍കോള്‍ ആണ് നഷ്ടപ്പെട്ടു പോയ കുടുംബത്തിലെ സന്തോഷം വീണ്ടും എത്തിയത്. ലഭിച്ച ഫോണ്‍കോളില്‍ വിശ്വസിച്ച് മിഥുനും ഭാര്യാപിതാവും അമ്മാവനും മണിമലയിലെ ആശ്രയഭവനില്‍ എത്തി. ഇവിടെ പിതാവിനെ കണ്ടതോടെ കണ്ണുനീര്‍ നിറഞ്ഞൊഴുകി. വൈകാരികമായ സംഭവങ്ങള്‍ക്ക് ശേഷം ഇവര്‍ വീട്ടിലേയ്ക്ക് മടങ്ങി.

പോച്ചിറാമിന്റെ ഇളയമകന്റെ വിവാഹം ഈ മാസം നടക്കാനിരിക്കെയാണ് പിതാവിന്റെ അപ്രതീക്ഷിത വരവും. മാനസികനില തെറ്റി മുടിയും താടിയും നീട്ടിവളര്‍ത്തി കുളിക്കാതെ ദുര്‍ഗന്ധം പേറി കേരളത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന പോച്ചിറാമിനെ മണിമല ആശ്രയഭവന്‍ ഏറ്റെടുക്കുകയായിരുന്നു. ഏഴു വര്‍ഷം മുമ്പാണ് കരിമ്പനക്കുളം തിരു ഹൃദയപ്പള്ളി വികാരി ഡയറക്ടറായുള്ള മണിമല ആശ്രയഭവന്‍ പോച്ചിറാമിനെ ഏറ്റെടുത്തത്.

ഇവിടുത്തെ ശുശ്രൂഷകര്‍ കുളിപ്പിച്ച് മുടിയും താടിയും വെട്ടി മനുഷ്യരൂപത്തിലാക്കി. പിന്നീട് കോട്ടയം മെഡിക്കള്‍ കോളേജ് ആശുപത്രിയിലെ ചികില്‍സയും ആശ്രയഭവനിലെ സ്‌നേഹപൂര്‍ണ്ണമായ പരിചരണവും കൊണ്ടു സുബോധം തിരികെ കിട്ടിയ ഇയാള്‍ ഇടയ്ക്ക് തന്റെ വീട് മഹാരാഷ്ട്രയിലെ നന്ദേഡ് ഗ്രാമത്തിലാണെന്ന് പറഞ്ഞതോടെയാണ് വഴിത്തിരിവായത്. ആശ്രയഭവന്‍ അധികൃതര്‍ മഹാരാഷ്ട്ര പോലീസുമായി ബന്ധപ്പെട്ട് വിവരം കൈമാറി. തുടര്‍ന്ന് മണിമല ആശ്രയഭവനില്‍ മൂത്തമകന്‍ മിഥുനും ബന്ധുക്കളും കഴിഞ്ഞ ദിവസം എത്തുകയായിരുന്നു.

മണിമല പോലീസിന്റെ നേതൃത്വത്തില്‍ പോച്ചിറാമിനെ (55) ബന്ധുക്കള്‍ക്ക് കൈമാറി. ഇന്നലെ മണിമലയിലെത്തിയ പോച്ചിറാമിന്റെ ബന്ധുക്കള്‍ ഇന്ന് രാവിലെ ആശ്രയഭവന്‍ ശുശ്രൂഷകര്‍ക്ക് നന്ദി പറഞ്ഞ് പോച്ചിറാമുമായി മടങ്ങി. മലയാളികളുടെ നല്ല മനസിന് ഒരുപാട് നന്ദി പറഞ്ഞ് ഇത്രയും കാലം കൂടെ കഴിഞ്ഞ മറ്റു അന്തേവാസികളെയെല്ലാം കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും യാത്രചോദിച്ചുമാണ് പോച്ചിറാം സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയത്. അപ്പനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ നാട്ടുകാരെ മുഴുവന്‍ കല്യാണത്തിന് ക്ഷണിച്ചു സദ്യ കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബം

Exit mobile version