കങ്കണയ്ക്ക് സമാനം; പ്രിയങ്ക ഗാന്ധിയുടെ ഒമ്പത് ഏക്കറിലെ ആഡംബര വീട് പൊളിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി,

ഷിംല: ബോളിവുഡ് നടി കങ്കണ റനൗത്തിന്റെ വീട് ശിവസേന രാഷ്ട്രീയപ്രേരിതമായി പൊളിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഷിംലയിലെ ഒമ്പത് ഏക്കറിലെ സ്വപ്‌ന ഭവനം ബിജെപിയുടെ നോട്ടപ്പുള്ളിയായി മാറി. നിയമവിരുദ്ധമായാണ് പ്രിയങ്ക വീട് പണിതതെന്ന് ബിജെപി ആരോപിക്കുന്നു.

കങ്കണയുടെ വീട് പൊളിച്ചതിന് പകരമായി പ്രിയങ്ക ഗാന്ധിയുടെ വീടും പൊളിക്കണമെന്ന് മഹിളാ മോര്‍ച്ചാ പ്രസിഡന്റ് രശ്മി ധര്‍ സൂദ് ബിജെപിയോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പ്രിയങ്കയുടെ വീട് നിര്‍മ്മിച്ച സ്ഥലം പരിസ്ഥിതി ലോല പ്രദേശമാണെന്ന് ചില നേതാക്കള്‍ പറയുന്നു.

രണ്ട് നിലകളുള്ള ആഢംബര വീടാണ് പ്രിയങ്കയുടേത്. അതേസമയം, പ്രിയങ്കയുടെ വീട് പൊളിക്കണമെന്ന ആവശ്യത്തോട് യോജിക്കുന്നില്ലെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ തുറന്ന് പറഞ്ഞു. ഇതിന് പുറമേ ഈ ബംഗ്ലാവിന് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്കയ്ക്ക് സ്ഥലം വാങ്ങാന്‍ അനുമതി നല്‍കിയ കാര്യത്തില്‍ അന്വേഷണം നടത്തുന്ന കാര്യവും മുഖ്യമന്ത്രി തള്ളി. മഹിളാ മോര്‍ച്ചയുടെ വാദത്തെ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2007ലാണ് വീട് പണിത സ്ഥലം പ്രിയങ്ക വാങ്ങിയത് .

അന്നുമുതല്‍ പ്രശ്നങ്ങളും വിവാദങ്ങളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഹിമാചലിലെ ഭൂരിപരിഷ്‌കരണ നിയമപ്രകാരം കര്‍ഷകരല്ലാത്തവര്‍ക്ക് സംസ്ഥാനത്ത് ഭൂമി വാങ്ങണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം. ബിജെപി-കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മാറി മാറിയാണ് പ്രിയങ്കയ്ക്ക് ഇതിന് അനുമതി നല്‍കിയത്.

പ്രേംകുമാര്‍ ധുമലിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് പ്രിയങ്കയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കിയത്. ഈ ഭൂമിയുടെ അനുമതി അന്വേഷിച്ചാല്‍ അത് ബിജെപിക്ക് കൂടി പ്രതിസന്ധിയുണ്ടാക്കും.

Exit mobile version