പൊതു ദര്‍ശനം ഒഴിവാക്കണം, വിഗ്രഹ നിമജ്ജനം പാടില്ല, നീളം നാലടിയില്‍ കൂടാന്‍ പാടില്ല; ദുര്‍ഗാ പൂജയ്ക്കുള്ള മാര്‍ഗ നിര്‍ദേശം പുറത്തിറക്കി ഒഡീഷ സര്‍ക്കാര്‍

ഭുവനേശ്വര്‍: ഒഡീഷയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ദുര്‍ഗാ പൂജയ്ക്കുള്ള മാര്‍ഗ നിര്‍ദേശം പുറത്തിറക്കി ഒഡീഷ സര്‍ക്കാര്‍. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിര്‍ദേശം പുറത്തുവിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം ഒഡീഷ ചീഫ് സെക്രട്ടറി അസിത് ത്രിപാഠിയാണ് പുറത്തുവിട്ടത്. സെപ്തംബര്‍ 16ന് വിശ്വകര്‍മ്മ പൂജയോടെ ആഘോഷങ്ങള്‍ തുടങ്ങാനിരിക്കവെയാണ് നിര്‍ദേശം. ഒക്ടോബര്‍ 16നാണ് ദുര്‍ഗാ പൂജ, ലക്ഷ്മി പൂജ ഒക്ടോബര്‍ 23ന്, കാളി പൂജയും ദീപാവലിയും നവംബര്‍ 14നാണ്.

വിഗ്രഹത്തിന് ഒരു രീതിയിലുമുള്ള പൊതു ദര്‍ശനം ഉണ്ടാവാന്‍ പാടില്ല. ഒരു പന്തലില്‍ ഒരേ സമയം ഏഴു പേര്‍ക്ക് പങ്കെടുക്കാം. പന്തലുകള്‍ മൂന്ന് ഭാഗത്ത് നിന്ന് മറച്ച നിലയിലായിരിക്കണം. നാലാമത്തെ വശത്ത് വിഗ്രഹത്തിന്റെ പൊതു ദര്‍ശനം ഒഴിവാക്കുന്ന രീതിയിലുള്ള വാതില്‍ തയ്യാറാക്കണം. വിഗ്രഹ നിമജ്ജനം പാടില്ല. വിഗ്രഹത്തിന്റെ നീളം നാലടിയില്‍ കൂടാന്‍ പാടില്ല. അതേസമയം വിഗ്രഹം നിമജ്ജനം ചെയ്യാനായി കൃത്രിമ കുളങ്ങള്‍ നിര്‍മ്മിക്കാമെന്ന് നിര്‍ദേശത്തിലുണ്ട്.

പൂജ സംബന്ധിയായി പൊതു സമ്മേളനങ്ങളും ഘോഷയാത്രയും പാടില്ല. സംഗീതമോ മറ്റ് കലാപരിപാടികളോ ഉണ്ടാവാന്‍ പാടില്ല. ചടങ്ങ് ഒരുക്കുന്നവരും പൂജാരികളും അടക്കം ഏഴ് പേരില്‍ അധികം ഒരേ സമയം പന്തലില്‍ ഉണ്ടാവരുത്. സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, വ്യക്തി ശുചിത്വം തുടങ്ങിയ കേന്ദ്ര സംസ്ഥാന കൊവിഡ് പ്രൊട്ടോക്കോള്‍ പന്തലിലുള്ളവര്‍ പാലിക്കണം.

Exit mobile version