ഇന്ത്യന്‍സേനയ്ക്ക് ശക്തിപകരാന്‍ ഇനി റഫാല്‍ യുദ്ധവിമാനങ്ങളും; ഇന്ന് വ്യോമസേനയ്ക്ക് കൈമാറും

ന്യൂഡല്‍ഹി: ഇന്ത്യന്‍സേനയ്ക്ക് ശക്തിപകരാന്‍ ഇനി റഫാല്‍ യുദ്ധവിമാനങ്ങളും. ഇന്ന് രാവിലെ പത്ത് മണി മുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും. അംബാലയിലെ വ്യോമസേനാ താവളത്തിലാണ് ചടങ്ങുങ്ങള്‍ക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നേതൃത്വം നല്‍കും. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലിയാണ് മുഖ്യാതിഥി.

റഫാല്‍ വിമാനം അനാച്ഛാദനം, ജലപീരങ്കി അഭിവാദ്യം, പരമ്പരാഗത ‘സര്‍വധര്‍മ പൂജ’, റഫാല്‍, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, ‘സാരംങ് എയ്‌റോബാറ്റിക് ടീം’ നടത്തുന്ന പ്രകടനം എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കും. ചടങ്ങിനോടനുബന്ധിച്ച് അംബാല എയര്‍ബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും പ്രതിനിധി സംഘങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയുമുണ്ടാവും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്, സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, എയര്‍ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍, ഡോ. ജി സതീഷ് റെഡ്ഡി, മറ്റു വ്യോമ-പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥര്‍, ഫ്രഞ്ച് വ്യോമ സേനയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

കഴിഞ്ഞ ജൂലൈ 27നാണ് ആദ്യബാച്ചില്‍പ്പെട്ട അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് അംബാലയിലെത്തിയത്. മിറാഷ് യുദ്ധ വിമാനങ്ങളേക്കാള്‍ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താന്‍ സാധിക്കും. പറക്കലില്‍ 25 ടണ്‍ വരെ ഭാരം വഹിക്കാനാകും. 59,000 കോടി രൂപയ്ക്കാണ് 36 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്.

Exit mobile version