‘തൊടരുത്, ചുംബിക്കരുത്’ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പുര്‍: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ തീരുമാനം. രാജസ്ഥാന്‍ സര്‍ക്കാരിന്റേതാണ് പുതിയ തീരുമാനം. മനുഷ്യത്വവും ജനവികാരവും കണക്കിലെടുത്താണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി ഡോ. രഘു ശര്‍മ്മ പറയുന്നു. അതേസമയം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം മൃതദേഹം സംസ്‌കരിക്കാനെന്നും സര്‍ക്കാര്‍ പ്രത്യേകം നിര്‍ദേശം നല്‍കി.

മൃതദേഹത്തില്‍ തൊടുകയോ ചുംബിക്കുകയോ ആലിംഗനം ചെയ്യാനോ പാടില്ലെന്നും പ്രത്യേകം നിര്‍ദേശം നല്‍കി. കൊവിഡ് പരിശോധനാ ഫലം വരുന്നതിനു മുമ്പുതന്നെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും നിര്‍ബന്ധമില്ല. ഇനി ഏതെങ്കിലും പ്രത്യേക കാരണത്താല്‍ പോസ്റ്റ്മോര്‍ട്ടം നടത്തുകയാണെങ്കില്‍ രോഗവ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണം ചെയ്യേണ്ടത്. – ആരോഗ്യമന്ത്രി പറഞ്ഞു.

മരണാനന്തര ചടങ്ങുകളില്‍ 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ല. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക്, ഗ്ലൗസ്, പിപിഇ കിറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കുകയും വേണം. മൃതദേഹം ഒരുജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് കൊണ്ട് പോകുന്നതിനും അനുമതിയുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

‘എല്ലാ മുന്‍കരുതലും സ്വീകരിച്ച് വേണം ചടങ്ങുകള്‍ നടത്താനെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യമെമ്പാടും കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ പൊതുജനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള വൈകാരിക പ്രശ്നങ്ങള്‍ നേരിട്ടാല്‍ അത് വലിയ വിപത്തിനായിരിക്കും കാരണമാവുക’- രാജസ്ഥാന്‍ ആരോഗ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Exit mobile version