ഗുജറാത്തില്‍ കൊറോണ ബാധിതന്‍ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍; ഇയാളുടെ പോക്കറ്റില്‍ ഒരു കത്തും മൊബൈല്‍ ഫോണും കണ്ടെടുത്തു

അഹമ്മദാബാദ്: കൊറോണ ബാധിതനായി അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യക്തി ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍. അഹമ്മദാബാദ് ബിആര്‍ടിഎസ് സ്റ്റാന്റിലാണ് 67കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെ ക്വാറന്റീനിലാക്കിയിരുന്നു.

മെയ് 10 മുതല്‍ അറുപത്തേഴുകാരന്‍ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ ഡാനിലിംഡ പ്രദേശത്തെ ബിആര്‍ടിസി ബസ് സ്റ്റേഷനിലാണ് ഇയാളുടെ മൃതദേഹം സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തിയത്. ഒരു കത്തും മൊബൈല്‍ ഫോണും ഇയാളുടെ പോക്കറ്റില്‍നിന്ന് കണ്ടെടുത്തതായി പോലീസ് പറയുന്നു.

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ ആശുപത്രിക്കും പോലീസിനുമെതിരെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ക്വാറന്റൈനിലായ തങ്ങളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് മരിച്ച വിവരം അറിയിച്ചതെന്ന് കുടുംബം ആരോപിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുന്നതിന് മുമ്പ് പോലീസ് ഒരന്വേഷണവും നടത്തിയില്ല. ആശുപത്രിയില്‍നിന്ന് എങ്ങനെ ഇയാള്‍ പുറത്ത് പോയതെന്ന് പ്രത്യേക അന്വേഷണം നടത്തണമെന്നും മരിച്ചയാളുടെ സഹോദരന്‍ ആവശ്യപ്പെടുകയും ചെയ്തു.

Exit mobile version