ബോളിവുഡ് താരം കങ്കണ റണൗട്ടിന് ‘വൈ’ കാറ്റഗറി സുരക്ഷ നല്‍കാന്‍ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: ബോളിവുഡ് താരം കങ്കണ റണൗട്ടിന് ‘വൈ’ കാറ്റഗറി സുരക്ഷ നല്‍കാന്‍ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റ് ഏറെ വിവാദമായിരുന്നു. കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കങ്കണയ്ക്കെതിരെ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന് ‘വൈ’ കാറ്റഗറി സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കങ്കണ പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്നായിരുന്നു ശിവസേനാ എംപി സഞ്ജയ് റാവുത്തിന്റെ പ്രതികരണം. എന്നാല്‍ താന്‍ മുംബൈയിലേക്ക് എത്തുമെന്നും ധൈര്യമുള്ളവര്‍ തടയാന്‍ വരട്ടെയെന്നുമാണ്
കങ്കണ പ്രതികരിച്ചത്. ഈ മാസം ഒമ്പതിന് താരം മുംബൈയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം’വൈ’ കാറ്റഗറി സുരക്ഷ നല്‍കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നന്ദി അറിയിച്ച് കങ്കണയും രംഗത്തെത്തിയിട്ടുണ്ട്. ദേശീയവാദ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ഒരു ഫാസിസ്റ്റ് ശക്തികള്‍ക്കും കഴിയില്ലെന്നതിന്റെ തെളിവാണിതെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. കങ്കണക്ക് മുംബൈയില്‍ സുരക്ഷ നല്‍കുമെന്ന് നേരത്തെ ഹിമാചല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കങ്കണ ഹിമാചല്‍ പ്രദേശിന്റെ മകളാണെന്നും അതിനാല്‍ തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

Exit mobile version