‘ഒരു ഇടത്തരം കുടുംബത്തെ വളരെപെട്ടാണ് നിങ്ങള്‍ തകര്‍ത്തു കളഞ്ഞത്’; റിയയുടെ പിതാവ്

മുംബൈ: ഒരു ഇടത്തരം കുടുംബം തകര്‍ത്തതിന് ഇന്ത്യയോട് നന്ദിയുണ്ടെന്ന് നടി റിയ ചക്രവര്‍ത്തിയുടെ പിതാവ് റിട്ടയേര്‍ഡ് ലെഫ്. കേണല്‍ ഇന്ദ്രജിത് ചക്രവര്‍ത്തി. ലഹരിക്കടത്ത് കേസില്‍ റിയയുടെ സഹോദരന്‍ ഷൗവിക് ചക്രവര്‍ത്തി അറസ്റ്റിലായതിന് പിന്നാലെയാണ് റിയയുടെ പിതാവ് ഇത്തരത്തില്‍ പ്രതികരിച്ചത്.

‘അഭിനന്ദനങ്ങള്‍ ഇന്ത്യ. നിങ്ങള്‍ എന്റെ മകനെ അറസ്റ്റ് ചെയ്യിപ്പിച്ചു. അടുത്തത് എന്റെ മകളാവും. ഒരു ഇടത്തരം കുടുംബത്തെ വളരെപെട്ടാണ് നിങ്ങള്‍ തകര്‍ത്തുകളഞ്ഞത്. നീതി ലഭിക്കണം എന്ന പേരില്‍ എല്ലാം ന്യായീകരിക്കാം, ജയ് ഹിന്ദ്’ എന്നാണ് ഇന്ദ്രജിത് ചക്രവര്‍ത്തി മകന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ചതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കടത്ത് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വെള്ളിയാഴ്ചയാണ് ഷൗവിക് ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 9 വരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലാണ് ഷൗവിക് ചക്രവര്‍ത്തിയും സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയുമുള്ളത്. പത്തു മണിക്കൂറിലേറെ നേരം ചോദ്യം ചെയ്ത ശേഷമാണ് ഷൗവിക് ചക്രബര്‍ത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരുടെയും മുംബൈയിലെ വീടുകളില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് കസ്റ്റഡിയില്‍ എടുത്തത്.

Exit mobile version