യുപി സർക്കാർ കള്ളക്കേസിൽ കുടുക്കും; രാജസ്ഥാനിലേക്ക് മാറി കഫീൽ ഖാനും കുടുംബവും; നിർദേശിച്ചത് പ്രിയങ്ക ഗാന്ധി

ജയ്പൂർ: യുപിയിലെ യോഗി സർക്കാരിന്റെ നോട്ടപ്പുള്ളി ആയതോടെ രാജസ്ഥാനിലെ ജയ്പുരിലേക്ക് താമസം മാറി കഫീൽ ഖാനും കുടുംബവും. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ഉള്ള കാലത്തോളം താൻ സുരക്ഷിതനായിരിക്കുമെന്ന ഉറപ്പുണ്ടെന്ന് ഡോ. കഫീൽ ഖാൻ പ്രതികരിച്ചു. കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തന്നെ വിളിച്ചു സംസാരിച്ചെന്നും അവർ നൽകിയ ഉറപ്പിന്റെ പുറത്താണ് രാജസ്ഥാനിലേക്ക് പോയതെന്നും കഫീൽ ഖാൻ പറഞ്ഞു. തന്നോട് രാജസ്ഥാനിലേക്ക് വരണമെന്ന് പറഞ്ഞ പ്രിയങ്ക അവിടെ താൻ സുരക്ഷിതനായിരിക്കുമെന്ന് ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.

‘ പ്രിയങ്കാ ഗാന്ധി എന്നെ വിളിച്ചിരുന്നു. എന്നോട് രാജസ്ഥാനിൽ വന്ന് താമസിക്കാൻ പറഞ്ഞു. സുരക്ഷിതമായ ഒരിടം രാജസ്ഥാനിൽ നൽകാമെന്ന് ഉറപ്പ് തന്നു. യുപി സർക്കാർ എന്നെ മറ്റേതെങ്കിലും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുമെന്നും അതിനാൽ ഉത്തർപ്രദേശിൽ നിൽക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നും അവർ പറഞ്ഞു. അതുകൊണ്ടുതന്നെ യു.പിയിൽ നിന്ന് മാറി നിൽക്കാൻ ഞാൻ തീരുമാനിച്ചു,’ കഫീൽ ഖാൻ പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രിയങ്കാ ഗാന്ധി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ കഫീൽ ഖാൻ കടന്നുപോയ ഏഴര മാസക്കാലം താൻ ഒരുപാട് മാനസിക പീഡനവും ശാരീരിക പീഡനവും അനുഭവിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

സെപ്റ്റംബർ ഒന്നാം തിയതിയാണ് അലഹബാദ് ഹൈക്കോടതി ഡോ. കഫീൽ ഖാനെ ജയിലിൽ നിന്നും മോചിപ്പിക്കാൻ നിർദേശിച്ചത്. അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കിയ കോടതി അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്ന് അർധരാത്രിയിൽ അദ്ദേഹത്തെ മോചിപ്പിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 12 ന് അലിഗഡ് സർവകലാശാലയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിച്ച കഫീൽ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യുപി പോലീസ് മുംബൈയിൽ വെച്ച് അറസ്റ്റുചെയ്തത്.

Exit mobile version