വാഹനത്തിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്ക് മാസ്‌ക് വേണമെന്ന് പറഞ്ഞിട്ടില്ല; കൂട്ടമായി സൈക്ലിങ് നടത്തുമ്പോൾ മാസ്‌ക് നിർബന്ധമെന്നും കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ പുറത്തിറങ്ങുമ്പോൾ മാസ്‌ക് നിർബന്ധമാണെങ്കിലും വാഹനത്തിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർ മാക്‌സ് ധരിക്കണമെന്ന നിർദേശം നൽകിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കാറുകളിലടക്കം ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്കെതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.

കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർ മാസ്‌ക് ധരിക്കണമെന്ന നിർദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിട്ടില്ലെന്ന് സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒറ്റയ്ക്ക് സൈക്കിൾ സവാരി നടത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന നിർദേശമില്ല.

അതേസമയം, ഒരുകൂട്ടം ആളുകൾ വ്യായാമത്തിനും മറ്റുമായി സൈക്ലിങ് നടത്തുമ്പോൾ മാക്‌സ് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്കെതിരെ മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തുന്നത് വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നുവെന്ന് ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

Exit mobile version