രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് വർധിച്ചു; പരിശോധനകളും വർധിച്ചു

ന്യൂഡൽഹി: കൊവിഡ് രോഗ പരിശോധനകൾ രാജ്യത്ത് വർധിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് ഉയർന്നതായും കേന്ദ്രം അറിയിച്ചു. 29.70 ലക്ഷം പേർ ഇതുവരെ കൊവിഡിൽനിന്ന് മുക്തി നേടി. ഇത് ചികിത്സയിലുള്ളവരുടേതിനേക്കാൾ 3.5 മടങ്ങ് കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം ഉയർത്തിയെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ 11ലക്ഷം സാമ്പിളുകൾ പരിശോധിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒറ്റദിവസം 68,584 പേരാണ് രോഗമുക്തി നേടിയത്. അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരിൽ 62 ശതമാനവും ഉത്തർപ്രദേശ്, കർണാടക, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നാണെന്നും കേന്ദ്രത്തിന്റെ കണക്ക് പറയുന്നു.

കൊവിഡ് ബാധിച്ച് മരിച്ചവരിൽ 70 ശതമാനവും ആന്ധ്രപ്രദേശ്, ഡൽഹി, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ ഒരാഴ്ചയായി ഈ സംസ്ഥാനങ്ങളിൽ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് 19ന്റെ സാഹചര്യത്തിൽ പൊതു പരീക്ഷകൾക്കായി തയാറെടുക്കുന്ന എല്ലാവരും കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആരോഗ്യ സെക്രട്ടറി നിർദേശിച്ചു. മാസ്‌ക് കൃത്യമായി ധരിക്കണം. കൈകൾ ഇടക്കിടെ കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version