സിബിഐ ഓഫീസറായ ഐപിഎസുകാരന്റെ പരസ്ത്രീ ബന്ധം; പദവിയും പോയി സ്ഥലംമാറ്റവും

ന്യൂഡൽഹി: സിബിഐയ്ക്ക് തന്നെ നാണക്കേടായി ഐപിഎസ് ഉദ്യോഗസ്ഥന്റെ പദവി നഷ്ടവും സ്ഥലം മാറ്റവും. വിവാഹേതര ബന്ധത്തെ തുടർന്നാണ് സിബിഐയിൽ ജോലി ചെയ്തിരുന്ന ഐപിഎസുകാരന് എട്ടിന്റെ പണി കിട്ടിയത്. ഭർത്താവിന്റെ പരസ്ത്രീ ബന്ധം കയ്യോടെ പിടികൂടിയ ഭാര്യ ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകുകയായിരുന്നു.

ഭാര്യയുടെ പരാതിയെ തുടർന്ന് ഇയാളുടെ ഐപിഎസ് പദവി എടുത്തു മാറ്റുകയും ചണ്ഡീഗഡിൽ നിന്നും ഡൽഹിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. 2009 ബാച്ച് യുപി കേഡറിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനെതിരേയാണ് കസ്റ്റംസ് സൂപ്രണ്ട് കൂടിയായ ഭാര്യ പരാതി നൽകിയത്. ഇയാൾക്ക് അനേകം സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു ഭാര്യയുടെ പരാതി. ഇവരുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ആഭ്യന്തര മന്ത്രാലയം നടപടി എടുക്കുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചണ്ഡീഗഡിൽ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ തലവനായിരുന്ന ഇയാളെ സിബിഐ യുടെ അഴിമതി വിരുദ്ധ കേസുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭാര്യയുടെ പരാതി വന്നതിന് തൊട്ടുപിന്നാലെ പദവിയിൽ നിന്നും മാറ്റി ന്യുഡൽഹിയിലെ പേഴ്‌സണൽ ഡിപ്പാർട്ട്‌മെന്റിലേക്ക് തട്ടുകയും ചെയ്തു. ആഭ്യന്തര വകുപ്പിന് പുറമേ സിബിഐ ഡയറക്ടർക്കും ഉത്തർപ്രദേശിലെ ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസിനും എല്ലാം ഭാര്യയുടെ പരാതി ചെന്നിരുന്നു. നേരത്തേ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന തരത്തിൽ വിവാദം ഉയർത്തിയ ആളു കൂടിയാണ് ഈ ഐപിഎസുകാരൻ.

അയോധ്യയിലെ എഎസ്പി സ്ഥാനത്ത് നിന്നും ലഖ്‌നൗവിലെ ഡിജിപിയായുള്ള ചുമതലയിൽ നിന്നും ഒഴിവാക്കപ്പെട്ടയാളാണ് ഇദ്ദേഹം. മുമ്പ് ഝാൻസിയിൽ എസ്എസ്പി ആയിരുന്നപ്പോഴും സമാന വിവാദത്തിൽ ഇയാൾ പെട്ടിരുന്നു. 2018ൽ ആദ്യമായി ഭർത്താവിന്റെ അവിഹിത ഇടപാടുകൾ തെളിവ് സഹിതം പിടിച്ച് മാതാപിതാക്കളെ കാണിച്ചപ്പോൾ ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് പറഞ്ഞ് ഇയാൾ മാപ്പും എഴുതിക്കൊടുത്തിരുന്നതായിട്ടാണ് ഭാര്യയുടെ ആരോപണം.

എന്നാൽ അതിന് ശേഷവും മോശം സ്വഭാവം ഇയാൾ തുടരുകയായിരുന്നു. ചണ്ഡീഗഡിലുള്ള വിവാഹമോചിതയായ ഒരു സ്ത്രീയുമായി ഇയാളുടെ ലിവ് ഇൻ റിലേഷൻ കയ്യോടെ പൊക്കിയതോടെയാണ് ഭർത്താവിനെതിരേ പരാതി നൽകാൻ ഭാര്യ തീരുമാനിച്ചത്. ചണ്ഡീഗഡിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഭർത്താവ് ഒരു ലിവ് ഇൻ പങ്കാളിയുമായി പതിവായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും ചില രേഖകളിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ രേഖപ്പെടുത്തിയിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. അതേസമയം ഐപിഎസുകാരന്റെ പ്രതികരണം ഇതുവരെ കിട്ടിയിട്ടില്ല.

Exit mobile version