പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അഞ്ച് ദിവസത്തിനിടെ 3,076 കോടി രൂപയെത്തി; സംഭാവന നൽകിയവരുടെ വിവരങ്ങൾ പങ്കുവെക്കാത്തതിനെ ചോദ്യം ചെയ്ത് പി ചിദംബരം

ന്യൂഡൽഹി: രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അഞ്ച് ദിവസത്തിനിടെ ലഭിച്ചത് 3,076 കോടി രൂപയെന്ന് കണക്കുകൾ. സർക്കാരിന്റെ ഓഡിറ്റ് സ്റ്റേറ്റ്‌മെൻറ് പ്രകാരമാണ് അഞ്ചുദിവസത്തിനിടെ ഇത്രയധികം തുക വന്നത്. ഫണ്ട് നിലവിൽ വന്നയുടനെയാണ് ഇത്രയധികം തുക എത്തിയതെന്നാണ് റിപ്പോർട്ട്. മാർച്ച് 27നും 31നും ഇടയിലാണ് 3,076 കോടി രൂപ ലഭിച്ചിരിക്കുന്നത്.

3,076 കോടി രൂപയിൽ 3,075.85 കോടി രൂപയിൽ രാജ്യത്തിനകത്ത് നിന്ന് സന്നദ്ധ സംഭവാനയിലൂടെയും 39.67 ലക്ഷം വിദേശ സംഭാവനയിലൂടെയുമാണ് ലഭിച്ചത്. അതേസമയം സംഭാവന നൽകിയവരുടെ വിവരങ്ങൾ പങ്കുവെക്കാത്തത് ചോദ്യം ചെയ്ത് മുൻ ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായി പി ചിദംബരം രംഗത്തെത്തിയിട്ടുണ്ട്.

എൻജിഒയോ ട്രസ്റ്റോ ഒരു പരിധിയിൽ കൂടുതൽ സംഭവാന ചെയ്യുന്നുണ്ടെങ്കിൽ അവരുടെ പേരുകൾ വെളിപ്പെടുത്താൻ ബാധ്യസ്ഥരാണെന്നും, പിഎം കെയേഴ്‌സ് ഫണ്ടിനെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്നുമാണ് ചിദംബരം ചോദിച്ചത്. സംഭാവന ചെയ്തയാളുകളെ അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം, ട്രസ്റ്റുകൾ സംഭാവന ചെയ്തവരുടെ പേരുകൾ വെളിപ്പെടുത്താൻ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു.

മാർച്ച് അവസാനത്തോടെയാണ് കേന്ദ്രസർക്കാർ പ്രൈം മിനിസ്റ്റേഴ്‌സ് സിറ്റിസൺ അസിസ്റ്റൻസ് ആൻറ് റിലീഫ് ഇൻ എമർജൻസി സിറ്റ്വേഷൻസ് (പിഎം കെയേഴ്‌സ് ഫണ്ട്) രൂപീകരിച്ചത്. കൊവിഡ്19 ആഗോള മഹാമാരി അടക്കമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാനാണ് ഫണ്ട് എന്നാണ് കേന്ദ്രസർക്കാർ വിശദീകരിച്ചത്.

Exit mobile version