പഞ്ചാബിൽ നിയമസഭാ സമ്മേളനത്തിന് മുമ്പ് 23 എംഎൽഎമാർക്കും മന്ത്രിമാർക്കും കൊവിഡ്

ന്യൂഡൽഹി: നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പഞ്ചാബിലെ 23 എംഎൽഎമാർക്കും മന്ത്രിമാർക്കും കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർസിങ്. പഞ്ചാബിൽ നിയമസഭാസമ്മേളനം തുടങ്ങാൻ രണ്ടുദിവസം മാത്രമാണ് ബാക്കി. ഇതിനിടെയാണ് ഇത്രയധികം സഭാംഗങ്ങൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താനുളള കേന്ദ്ര നീക്കത്തെ ഈ സംഭവവുമായി ചേർത്ത് അമരീന്ദർ സിങ് വിമർശിക്കുകയും ചെയ്തു. മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും അവസ്ഥ ഇപ്രകാരമാണെങ്കിൽ നിലവിലെ സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് ഊഹിക്കാവുന്നതേയുളളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നുനടന്ന മുഖ്യമന്ത്രിമാരുടെ ഓൺലൈൻ മീറ്റിങ്ങിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ ഒരിക്കൽ കൂടി സമീപിക്കാമെന്ന് മമതാ ബാനർജി നിർദേശിച്ചിരുന്നു. യോഗത്തിന് ശേഷം പരീക്ഷ മാറ്റിവെക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയിൽ പുനരവലോകന ഹർജി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കുന്നതിന് വേണ്ടി അഡ്വ.ജനറൽ അതുൽ നന്ദയെ അമരീന്ദർ സിങ് ചുമതലപ്പെടുത്തി. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുന്ന പരീക്ഷ നീട്ടിവെക്കുന്നതിനായി നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി സുപ്രീംകോടതിയെ സമീപിക്കാമെന്നും സിങ് പറഞ്ഞു.

ലോകമെമ്പാടും പരീക്ഷകൾ ഓൺലൈനിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാനമായ രീതിയിൽ നീറ്റ്, ജെഇഇ പരീക്ഷകൾ ഓൺലൈനിൽ നടത്തണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. വിദ്യാർഥികൾ പരീക്ഷയെഴുതണമെന്നും പാസ്സാകാണമെന്നുമാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധിയുടെ ഇടയിൽ ഞാൻ അതെങ്ങനെ നടപ്പാക്കാനാണ്? സിങ് ചോദിക്കുന്നു.

Exit mobile version