ലോക്ക്ഡൗൺ ഏർപ്പെടുത്തിയതാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രശ്‌നമുണ്ടാക്കിയത്: സുപ്രീംകോടതി

കേന്ദ്രം ആർബിഐക്ക് പിന്നിൽ ഒളിച്ചിരിക്കുന്നു; കർശ്ശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രശ്‌നമുണ്ടാക്കിയത്: സുപ്രീംകോടതി

Supreme Court | Kerala News

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കർശനമായ ലോക്ക്ഡൗൺ തീരുമാനമാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ പ്രശ്‌നമുണ്ടായതെന്ന് സുപ്രീം കോടതി. കൽക്കരി കുടിശ്ശികയെക്കുറിച്ചും സത്യാവാങ് മൂലം സമർപ്പിക്കുന്നതിന് വരുത്തിയ കാലതാമസത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രത്തിനോട് ബുധനാഴ്ച ആവശ്യപ്പെട്ടു.

‘നിങ്ങൾ നിങ്ങളുടെ നിലപാട് വ്യക്തമാക്കണം. നിങ്ങൾ പറയുന്നു ആർബിഐ തീരുമാനം എടുത്തുവെന്ന്. ഞങ്ങൾ ആർബിഐയുടെ മറുപടി പരിശോധിച്ചു, പക്ഷേ, കേന്ദ്രം ആർബിഐക്ക് പിന്നിൽ ഒളിച്ചിരിക്കുകയാണ്,’ കോടതി കേന്ദ്രത്തിനെ ശക്തമായ ഭാഷയിൽ വിമർശിച്ചു.

മൊറട്ടോറിയം സമയത്ത് വായ്പ തിരിച്ചടവിന് പലിശ ഈടാക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി ബെഞ്ച് വാദം കേൾക്കുകയാണ്. സ്ഥിരകാല വായ്പകൾക്കും ഇഎംഐ പേയ്‌മെന്റുകൾക്കുമായി ഉപഭോക്താക്കൾക്കായി 6 മാസത്തെ മൊറട്ടോറിയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. മൊറട്ടോറിയം കാലയളവ് ആഗസ്റ്റ് 31 ന് അവസാനിക്കും.

അതേസമയം, കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്കിന്റെ 2019-20 വർഷത്തെ വരുമാനത്തിലും നീക്കിയിരിപ്പിലും വൻ ഇടിവാണുണ്ടായിരിക്കുന്നത്. മൊത്തം വരുമാനം 22 ശതമാനം കുറഞ്ഞ് 1,49,672 കോടി രൂപയിലേക്ക് എത്തി. 2018-19ൽ ഇത് 1,93,036 കോടി രൂപയായിരുന്നു. അടിയന്തര ഫണ്ടിലേക്ക് കൂടുതൽ തുക നീക്കിവെക്കേണ്ടി വന്നതോടെ ആർബിഐയിൽനിന്ന് ലാഭ വിഹിതമായി കേന്ദ്രസർക്കാരിനു നൽകുന്ന തുകയിലും വലിയ കുറവുണ്ടായിട്ടുണ്ട്. വാർഷിക റിപ്പോർട്ട് പ്രകാരം 2019-20 വർഷം കേന്ദ്രസർക്കാരിന് ലഭിക്കുക 57,128 കോടി രൂപ മാത്രമായിരിക്കും.

Exit mobile version