വീടുകളില്‍ കയറി സ്ത്രീകളെയും ദമ്പതിമാരെയും ഉപദ്രവിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍; ഒടുവില്‍ അറസ്റ്റ്

ചണ്ഡീഗഢ്: വീടുകളില്‍ അതിക്രമിച്ച് കയറി സ്ത്രീകളെയും ദമ്പതിമാരെയും ഉപദ്രവിച്ച സംഭവത്തില്‍ ഹരിയാനയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ഐജി(ഹോംഗാര്‍ഡ്‌സ്) ഹേമന്ദ് കല്‍സണെ(55)യാണ് അറസ്റ്റിലായത്. രണ്ട് കുടുംബങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

പഞ്ചകുള ജില്ലയിലെ പിഞ്ചോറിലാണ് ഐജി വീടുകളില്‍ അതിക്രമിച്ച് കയറി സ്ത്രീകളെ ഉപദ്രവിച്ചത്. മദ്യലഹരിയിലാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഉപദ്രവിച്ചതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. 42കാരിയായ സ്ത്രീയുടെ വീട്ടിലാണ് ഐജി ആദ്യം അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് സ്ത്രീയെയും മകളെയും മര്‍ദിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ സ്ത്രീ തന്നെയാണ് ഇയാളെ തള്ളി വീടിന് പുറത്താക്കിയത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ദമ്പതിമാരായ രണ്ട് പേരാണ് ഐജിക്കെതിരേ രണ്ടാമത് പരാതി നല്‍കിയത്. മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ പോലീസ് ഉദ്യോഗസ്ഥന്‍ ഗൃഹനാഥന്റെ ഭാര്യയെ കയറിപിടിക്കാന്‍ ശ്രമിക്കുകയും ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിന് നേരേ വെടിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് ഇരുവരും ഐജിയെ വീട്ടില്‍നിന്ന് പുറത്താക്കിയത്.

Exit mobile version