ഹിന്ദി ഇതര ഭാഷ സംസാരിക്കുന്നവരെ ഒഴിവാക്കി നിര്‍ത്തുന്ന ഈ സമീപനം എത്ര നാള്‍ സഹിക്കണമെന്ന് കനിമൊഴി; ആയുഷ് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യണമെന്നും ആവശ്യം

ചെന്നൈ: ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവും ലോക്‌സഭാ മെമ്പറുമായ കനിമൊഴി. തമിഴ്നാട്ടിലെ പ്രകൃതി ചികിത്സാ, യോഗ ഡോക്ടര്‍മാരോട് ഹിന്ദി അറിയില്ലെങ്കില്‍ പുറത്തു പോവാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കനിമൊഴിയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് അവര്‍ ആവശ്യവുമായി രംഗത്തെത്തിയത്.

‘ മന്ത്രാലയത്തിന്റെ പരിശീലന വേളയില്‍ ഹിന്ദി ഇതര ഭാഷ സംസാരിക്കുന്നവരോട് പുറത്തു പോവാന്‍ ആവശ്യപ്പെട്ട കേന്ദ്ര ആയുഷ് വൈദ്യ മന്ത്രാലയ സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയുടെ പ്രസ്താവന ഹിന്ദി ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിന്റെ വ്യാപ്തി എത്രയെന്ന് പറയുന്നു. ഇത് അങ്ങേയറ്റം അപലനീയമാണ്,’

‘ സര്‍ക്കാര്‍ ഈ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യണം. ഒപ്പം അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയും വേണം. ഹിന്ദി ഇതര ഭാഷ സംസാരിക്കുന്നവരെ ഒഴിവാക്കി നിര്‍ത്തുന്ന ഈ സമീപനം എത്ര നാള്‍ സഹിക്കണം?’ കനിമൊഴി ട്വീറ്റ് ചെയ്തു.

Exit mobile version