മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഈ മാസം 31ന് രാജീവ് കുമാര്‍ ചുമതലയേല്‍ക്കും. അശോക് ലവാസ രാജിവെച്ച ഒഴിവിലാണ് നിയമനം. 1984 ഐഎഎസ് ബാച്ചുകാരനായ രാജീവ് കുമാര്‍ ത്സാര്‍ഖണ്ഡ് കേഡര്‍ ഉദ്യോഗസ്ഥനാണ്. ധനകാര്യ സെക്രട്ടറിയായിരിക്കേ പൊതുമേഖല ബാങ്കുകളുടെ ലയന തീരുമാനത്തിലടക്കം നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.

കഴിഞ്ഞ ആഴ്ചയാണ് അശോക് ലവാസ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും രാജിവെച്ചത്. അടുത്ത മാസം ലവാസ ഏഷ്യന്‍ വികസന ബാങ്കില്‍ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ കൂടിയാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, അന്ന് ബിജെപി അദ്ധ്യക്ഷനായിരുന്ന അമിത് ഷാ എന്നിവരുടെ പ്രസംഗങ്ങള്‍ ചട്ടലംഘനമല്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തലിനെ ലവാസ ശക്തമായി എതിര്‍ത്തിരുന്നു.

Exit mobile version