ലോക്ക്ഡൗണില്‍ ശമ്പളം ലഭിക്കാത്തവര്‍ക്ക് തൊഴിലില്ലായ്മ വേതനം; കൂടുതല്‍ വിവരങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ശമ്പളം ലഭിക്കാത്ത ഇഎസ്‌ഐ അംഗങ്ങളായ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ വേതനം ലഭിക്കും. വ്യാഴാഴ്ച ചേര്‍ന്ന ഇഎസ്‌ഐ ബോര്‍ഡ് യോഗം ഇതിന് അനുമതി നല്കി.

6710.67 കോടി രൂപയാണ് ഇതിനായി വേണ്ടിവരിക. അടല്‍ ബീമിത് വ്യക്തി കല്യാണ്‍ പദ്ധതിയുടെ ഭാഗമായാണ് ശമ്പളം ലഭിക്കാത്ത കാലത്തെ അലവന്‍സ് നല്കുക. നേരത്തെ, ജോലി നഷ്ടപ്പെടുന്ന ഇഎസ്‌ഐ അംഗങ്ങള്‍ക്ക് തൊഴില്ലില്ലായ്മ വേതനം നല്കിയിരുന്നതും അടല്‍ ബീമിത് വ്യക്തി കല്യാണ്‍ പദ്ധതി വഴിയായിരുന്നു.

ലോക്ക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 24 മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെ 31 വരെയാണ് പുതിയ പദ്ധതിയുടെ കാലാവധി. പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ഇഎസ്‌ഐ ബോര്‍ഡ് അംഗങ്ങളുമായി തൊഴില്‍ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു.

ഈ വര്‍ഷം മാര്‍ച്ച് 31ന് മുന്‍പ് രണ്ട് വര്‍ഷം ഇഎസ്‌ഐ അംഗമായിരുന്ന, ശമ്പളം കിട്ടാതാവുന്നതിന് തൊട്ടുമുന്‍പുള്ള കോണ്ട്രിബ്യൂഷന്‍ സമയത്ത് 78 ദിവസത്തില്‍ കുറയാതെയോ, അതിന് മുന്‍പത്തെ 3 കോണ്ട്രിബ്യൂഷന്‍ കാലയളവില്‍ ഏതിലെങ്കിലും കുറഞ്ഞത് 78 ദിവസമോ വിഹിതമടച്ചവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

Exit mobile version